ചികിത്സാ പിഴവെന്ന് പരാതി; കുമളിയിലെ നവജാത ശിശുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ അനുമതി

കുഞ്ഞിൻ്റെ മരണകാരണം സംബന്ധിച്ച് പലതവണ ആശുപത്രി അധികൃതരോട് ചോദിച്ചിട്ടും കൃത്യമായ വിവരം നൽകിയില്ലെന്നാണ് ദമ്പതികളുടെ പരാതി
ചികിത്സാ പിഴവെന്ന് പരാതി; കുമളിയിലെ
നവജാത ശിശുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ അനുമതി
Published on

ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻ്റെയും ടിനുവിൻ്റെയും ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻറെ പരാതിയെ തുടർന്നാണ് പോസ്റ്റുമോർട്ടം നടപടിക്ക് അനുമതി നൽകിയത്.

ഭാര്യ ടിനുവിനെ ഒൻപതാം തീയതിയാണ് സ്കാനിങ്ങിനായി കുമളി സെൻറ് അഗസ്റ്റിൻസ് ആശുപത്രിയിലെത്തിച്ചത്. പതിനൊന്നിന് ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. എന്നാൽ പത്താം തീയതി രാവിലെ പരിശോധനയിൽ കുഞ്ഞിൻ്റെ  ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് ‍ഡോക്ടർ നിർദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചു. പിന്നീട് കുമളി ലൂർദ് പളളി സെമിത്തേരിയിൽ സംസ്കരിച്ചു. കുഞ്ഞിൻ്റെ മരണകാരണം സംബന്ധിച്ച് പലതവണ ആശുപത്രി അധികൃതരോട് ചോദിച്ചിട്ടും കൃത്യമായ വിവരം നൽകിയില്ലെന്നാണ് ദമ്പതികളുടെ പരാതി.



കുഞ്ഞിൻ്റെ പിതാവ് സേവ്യർ കുമളി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇടുക്കി സബ് കളക്ടറിൻ്റെ  നേതൃത്വത്തിൽ ഫോറൻസിക് സംഘത്തിൻ്റെ സാന്നിധ്യത്തിലാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. പത്താം തിയതി രാവിലെ 6.30വരെ കുഞ്ഞിൻ്റെ  ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നു. പെട്ടന്ന് ഹൃദയമിടിപ്പ് കുറഞ്ഞുവെന്നും, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com