ഭീകരാക്രമണം ഉണ്ടായി 14ആം ദിവസമാണ് ഇന്ത്യയുടെ മറുപടി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. ഭീകരാക്രമണം ഉണ്ടായി 14ആം ദിവസമാണ് ഇന്ത്യയുടെ മറുപടി. ആക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു. കൂടാതെ തിരിച്ചടിക്കുമെന്ന് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി അറിയിച്ചെന്നും റിപ്പോർട്ടുണ്ട്.
പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്ന് സൈന്യം അറിയിച്ചു. ആക്രണത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങൾ അടച്ചിടുമെന്ന് വിമാനക്കമ്പനികൾ യാത്രിക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ധരംശാല വിമാനത്താവളങ്ങള്‍ ഇതിനോടകം അടച്ചിട്ടുണ്ട്. പാകിസ്ഥാനുമായുള്ള വിമാന സർവീസുകൾ ഖത്തർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എമിറേറ്റസ്, ഫിന്‍ എയർ, ടർക്കിഷ് കാർഗോ, സൗദി വിമാനക്കമ്പനികള്‍ പാക് വ്യോമപാത താത്കാലികമായി ഉപേക്ഷിച്ചു. എയർ ഫ്രാന്‍സ് പാകിസ്ഥാനിലൂടെയുള്ള എല്ലാ വിമാനസർവ്വീസുകളും റദ്ദാക്കി.
ALSO READ: എന്താണ് മോക് ഡ്രില്‍? കേന്ദ്ര നിര്‍ദേശങ്ങളറിയാം
മുരിഡ്‌കെ, ബഹവൽപൂർ, കോട്‌ലി ,ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്ഷെ ഭീകരന്‍ മസൂദ് അസറിന്‍റെയും ലഷ്കർ ഭീകരന്‍ ഹാഫിസ് സയീദിന്‍റെയും ശക്തികേന്ദ്രങ്ങളിലെ ലക്ഷ്യം വെച്ചാണ് ആക്രണം നടന്നത്. ആറിടങ്ങളിലായാണ് ആക്രണം നടന്നതെന്ന് പാകിസ്ഥാൻ വൃത്തങ്ങൾ അറിയിക്കുന്നത്. ആക്രമണത്തിൽ എട്ട് പേർ മരിച്ചുവെന്നും 35 പേർക്ക് പരിക്കേറ്റെന്നും 2 പേരെ കാണാതായെന്നും പാകിസ്ഥാൻ അറിയിക്കുന്നു.
ആക്രമണത്തിന് പത്ത് മിനിറ്റ് മുമ്പ് ഇന്ത്യൻ സൈന്യം പങ്കുവെച്ച എക്സ് പോസ്റ്റ്
സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അറിയിച്ചു. കൂടുതൽ സൈനിക നടപടി ഉണ്ടാകാതെ നിലവിലെ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രശ്നത്തിന് സമാധാനത്തിലൂടെ പരിഹാരം കണ്ടെത്താൻ ഇരു രാഷ്ട്രങ്ങളുമായി ആശയവിനിമയം നടത്തുമെന്നും മാർകോ റൂബിയോ കൂട്ടിച്ചേർത്തു.
പൂഞ്ച്- രജൗരിയില്‍ നിയന്ത്രണരേഖ മറികടന്ന് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ 3പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അടിയന്തര യോഗം വിളിച്ച് ചേർക്കാൻ തിരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കി സംയമനം പാലിക്കണമെന്ന് യുഎഇ അറിയിച്ചു. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സയീദാണ് പ്രതികരണം രേഖപ്പെടുത്തിയത്.