'രാജ്യം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി മറുപടി നല്‍കിയിരിക്കും. അത് ഓപറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു'
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതില്‍ പ്രതികരിച്ച് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. യഥാര്‍ഥ ഹീറോസിന് സല്യൂട്ട് എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
'രാജ്യം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ആര്‍മി മറുപടി നല്‍കിയിരിക്കും. അത് ഓപറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. നമ്മുടെ ജീവന്‍ രക്ഷിച്ച് പ്രതീക്ഷ നിറയ്ക്കുന്നതിന് നന്ദി. നിങ്ങള്‍ രാജ്യത്തെ വീണ്ടും അഭിമാനമുയര്‍ത്തുന്നു. ജയ് ഹിന്ദ്,' എന്നാണ് മമ്മൂട്ടി കുറിച്ചത്.
അതേസമയം ഓപറേഷന്‍ സിന്ദൂര്‍ എന്ന ചിത്രം കവര്‍ ചിത്രമാക്കിക്കൊണ്ടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. അഹാന കൃഷ്ണ അടക്കമുള്ള നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.
ഭീകരരുടെ ഒന്‍പത് കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചടിയില്‍ തകര്‍ത്തത്. ലഷ്‌കറെ ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് അടക്കമുള്ളവയുടെ ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും നാലെണ്ണം പാകിസ്ഥാനിലുമായാണ്. ജെയ്ഷ്-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന സ്ഥലമാണ് ബഹവല്‍പൂര്‍. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുള്ള ഗതാഗത, ലോജിസ്റ്റിക്സ് പോയിന്റുകളായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ സ്ഥലങ്ങളാണ് മുസാഫറാബാദും ഭീംബറും.
എല്ലാ ആക്രമണങ്ങളും അവയുടെ ലക്ഷ്യങ്ങള്‍ നേടിയതായും ഭീകരരുടെ കമാന്‍ഡ് സെന്ററുകള്‍, പരിശീലന ക്യാംപുകള്‍, ആയുധ ഡിപ്പോകള്‍, സ്റ്റേജിങ് സൗകര്യങ്ങള്‍ എന്നിവ നശിപ്പിച്ചതായും ഇന്ത്യ അറിയിച്ചു. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പുലര്‍ച്ചെ, 1.05 മുതല്‍ 1.30 വരെ ഇരുപത്തിയഞ്ച് മിനുട്ട് നീണ്ടു നിന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബഹവല്‍പൂരില്‍ മസൂദ് അസ്ഹറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 25 ഇന്ത്യന്‍ പൗരരും ഒരു നേപ്പാളി പൗരനുമാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുകയും പല നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.