മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും സിപിഎമ്മും വർഗീയത ആളിക്കത്തിച്ചു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നടപടിയുമായാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.
പാലക്കാട്ടെ എസ്‍ഡിപിഐ വോട്ട് യുഡിഎഫിന് കിട്ടിയിട്ടില്ല. ഇ. ശ്രീധരന് കഴിഞ്ഞ തവണ ലഭിച്ച വോട്ടാണ് യുഡിഎഫിന് ഇത്തവണ കിട്ടിയത്. എസ്‍ഡിപിഐയോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഈ കാര്യം കോൺഗ്രസ് തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ആവർത്തിക്കേണ്ട കാര്യമില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. എസ്‍ഡിപിഐയുമായി ആർക്ക് വേണമെങ്കിലും ഫോട്ടോ എടുക്കാം. മുഖ്യമന്ത്രിയുടെ കൂടെയും എസ്‍ഡിപിഐ നേതാക്കൾ ഫോട്ടോ എടുത്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.
ചേലക്കരയിൽ കോൺഗ്രസ് തോറ്റതിൽ ഉത്തരവാദിത്തം തനിക്കുമുണ്ട്. എന്നാൽ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതൽ വോട്ടുകള്‍ ഇത്തവണ മണ്ഡലത്തിൽ നിന്നും കോൺഗ്രസിന് നേടാനായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചേലക്കരയിൽ കോൺഗ്രസിൻ്റെ വോട്ട് വിഹിതം കൂടിയിട്ടുണ്ടെന്നും, എതിര്‍സ്ഥാനാർഥിയുടെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഞങ്ങൾ കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ യാതൊരു ഉപാധിയുമില്ലാതെയാണ് കോൺഗ്രസിലേക്ക് വന്നത്. അതകൊണ്ട് തന്നെ സന്ദീപിനെ ഒരിക്കലും പാർട്ടി പിന്നിൽ നിർത്തില്ല. കെ. സുരേന്ദ്രൻ തനിക്കെതിരെ പറഞ്ഞതൊക്കെയും ഇപ്പോൾ സുരേന്ദ്രനെയും ബിജെപിയെയുമാണ് ബാധിച്ചത്. യുഡിഎഫിന്‍റെ അടിത്തറ കൂടുതൽ വിപുലമാക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.