എസ്ഡിപിഐക്ക് ഒരു വോട്ട് പോലും ഇല്ലാത്ത ബൂത്തുകളിലും യുഡിഎഫിന് വോട്ട് ലഭിച്ചിട്ടുണ്ടെന്ന് ഷാഫി വ്യക്തമാക്കി
കെ. സുരേന്ദ്രൻ്റെ യുക്തിരഹിതമായ നിലപാടുകൾ രാഹുൽ മാങ്കുട്ടത്തിലിൻ്റെ വിജയത്തിന് സഹായകരമായെന്ന് ഷാഫി പറമ്പിൽ എംപി. ബിജെപിയെ തോൽപ്പിച്ചാണ് യുഡിഎഫ് വിജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് സുരേന്ദ്രൻ്റെ ഭാഷയാണെന്നും ഷാഫി പറമ്പില്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പാണക്കാട് തങ്ങൾമാരെ രാഷ്ട്രീയമായി വിമർശിക്കുന്നത് മനസിലാക്കാം എന്നാൽ മുഖ്യമന്ത്രിയുടെ ഭാഷ ബിജെപിയുടേതാണ്. രാഹുൽ മാങ്കൂട്ടത്തില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ രണ്ട് തവണയും എത്തിയപ്പോൾ ചാണ്ടി ഉമ്മൻ ഇല്ലാതിരുന്നത് യാദൃശ്ചികമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ചാണ്ടി ഉമ്മൻ പാലക്കാട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു എന്നും ഷാഫി കൂട്ടിച്ചേർത്തു.
Also Read: പാണക്കാട് തങ്ങൾക്കെതിരെയുള്ള വിമർശനം രാഷ്ട്രീയപരം, പാലക്കാട് എൽഡിഎഫിൻ്റെ വോട്ട് വിഹിതം കുറഞ്ഞിട്ടില്ല: മുഖ്യമന്ത്രി
രാഹുല്‍ മാങ്കൂട്ടത്തില്‍ എസ്‍ഡിപിഐ വോട്ടുകള്‍ ലഭിച്ചാണ് വിജയിച്ചതെന്ന സിപിഎം ആരോപണങ്ങളോടും ഷാഫി പറമ്പില്‍ പ്രതികരിച്ചു. എസ്ഡിപിഐക്ക് ഒരു വോട്ട് പോലും ഇല്ലാത്ത ബൂത്തുകളിലും യുഡിഎഫിന് വോട്ട് ലഭിച്ചിട്ടുണ്ടെന്ന് ഷാഫി വ്യക്തമാക്കി.
Also Read: പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ രാജിവെയ്‌ക്കാനൊരുങ്ങി കെ. സുരേന്ദ്രന്‍; തള്ളി കേന്ദ്ര നേതൃത്വം
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 18,724 വോട്ടുകൾക്കാണ് രാഹുൽ നിയമസഭാ ടിക്കറ്റ് ഉറപ്പിച്ചത്. ഒന്നാം സ്ഥാനത്തെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് 57,912 വോട്ടുകളും, രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സി. കൃഷ്ണകുമാറിന് 39,243 വോട്ടുകളും ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്ക് ചേക്കേറിയ സരിന് 37,046 വോട്ടുകളാണ് ലഭിച്ചത്.