കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ സർക്കാരിനെ പിന്തുണയ്ക്കും, കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചാല്‍ എതിർക്കും: പ്രതിപക്ഷ നേതാവ്

മൂന്ന് വർഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരംഭങ്ങൾ ഏതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ സർക്കാരിന് പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

മൂന്ന് വർഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരംഭങ്ങൾ ഏതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൂർണ പട്ടിക സർക്കാർ പുറത്തുവിടണം. ഉത്തരം മുട്ടുമ്പോൾ പ്രതിപക്ഷത്തെ വികസന വിരോധികളാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചത് സിപിഎമ്മിന്റെ താൻ പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളുമാണെന്നതിനുള്ള തെളിവുകൾ ഇപ്പോഴും കേരള സമൂഹത്തിന് മുന്നിലുണ്ടെന്നും സതീശൻ വിമർശിച്ചു. ഫെബ്രുവരി 21-ന് കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.

പാവപ്പെട്ടവർ ലോണെടുത്തും അല്ലാതെയുമൊക്കെ തുടങ്ങിയ സംരംഭങ്ങളെല്ലാം സർക്കാരിന്റെ കണക്കിൽ ചേർക്കുന്നതും അതിന്റെ പേരിൽ മേനി നടിക്കുന്നതും അപഹാസ്യമല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമായിമാറരുത്. കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നും സർക്കാർ കരുതരുതെന്നും വി.‍‍ഡി. സതീശൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ നിക്ഷേപകർ വരാതിരിക്കാനുള്ള പ്രവർത്തി ആരും നടത്തരുതെന്ന് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് നിൽക്കണം. പ്രതിപക്ഷ നേതാവ് വസ്തുതകളെ കേരളത്തിന് എതിരായി എന്തിന് ഉപയോഗിക്കുന്നുവെന്നും മന്ത്രി വിമർശനം ഉന്നയിച്ചു. 23,000 കോടി നിക്ഷേപം കേരളത്തിൽ ഉണ്ടായി. വ്യവസായ വകുപ്പിന്റെ കണക്ക് ആർക്കും പരിശോധിക്കാം. ഗ്രാമസഭ മോഡൽ സംരംഭക സഭ ഓരോ പഞ്ചായത്തിലും കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വികസനത്തിനെ മുൻനി‍ർത്തി 'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന ശശി തരൂരിന്റെ ലേഖനമാണ് ചർച്ചകൾക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്. തരൂരിന്റെ നിരീക്ഷണങ്ങളോട് വിരുദ്ധ അഭിപ്രായമാണ് കോൺ​ഗ്രസ് നേതൃത്വം മുന്നോട്ടുവച്ചത്. കേരളത്തിന്റെ വികസനം യുഡിഎഫ് കാലത്തായിരുന്നു എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com