
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി എൻഎസ്എസ് നേതാക്കൾ നടത്തിയ കൂടികാഴ്ച സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏറ്റവും അടുപ്പവും ബന്ധവുമുള്ള നേതാക്കളെ സംഘടനകൾ വിളിക്കും. കോൺഗ്രസ് നേതാക്കൾ സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൻ്റെ ഗുണം യുഡിഎഫിനാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിൽ സന്തോഷം. കഴിഞ്ഞ മാസം എൽഡിഎഫ് തുടരുമെന്നാണ് പറഞ്ഞത്. ഇന്നലെ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും എന്നാണ് പ്രതികരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്നെ സംഘടന നേതാക്കൾ വിമർശിക്കുന്നത് പരിശോധിക്കും. തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തും. താൻ വിമർശനത്തിന് അതീതനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമുദായ നേതാക്കളുമായി പ്രശ്നത്തിനില്ല. എൻഎസ്എസ് നേതാക്കളുമായി പ്രശ്നങ്ങളില്ല. സംഘപരിവാറിൻ്റെ നുഴഞ്ഞ് കയറ്റം തടഞ്ഞ സംഘടനയാണ് എൻഎസ്എസ്. അക്കാര്യത്തിൽ എൻഎസ്എസിനെ അഭിനന്ദിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മതനേതൃത്വം രാഷ്ട്രീയ കാര്യങ്ങളിൽ അമിതമായി ഇടപെടരുതെന്നാണ് പാർട്ടി നിലപാട്. തനിക്കെതിരെ സുധാകരനും - ചെന്നിത്തലയും ഒന്നിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്. എല്ലാവരും ഒറ്റക്കെട്ടായാണ് നിൽക്കുന്നതെന്നും സതീശൻ പറഞ്ഞു.
വയനാട് പുനരധിവാസത്തിലും അദ്ദേഹം പ്രതികരിച്ചു. അർഹരായവർക്ക് നീതി ലഭിക്കുമെന്നത് പ്രതിപക്ഷം ഉറപ്പ് വരുത്തും. ഇരട്ടിപ്പ് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകൾ തകർക്കാൻ നേതൃത്വം നൽകുന്നത് സിപിഎം ആണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.