വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം തകർത്ത സംഭവം: 'കേസ് ഒതുക്കി തീർക്കാന്‍ ശ്രമം'; കുട്ടിയുടെ മൊഴിപോലും എടുത്തില്ലെന്ന് പിതാവ്

വിദ്യാർഥിയുടെ മൂക്കിൻ്റെ പാലം തകർത്ത സംഭവം: 'കേസ് ഒതുക്കി തീർക്കാന്‍ ശ്രമം'; കുട്ടിയുടെ മൊഴിപോലും എടുത്തില്ലെന്ന് പിതാവ്

പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയ്യാറാകുന്നില്ലെന്നും ജയരാജ് ആരോപിച്ചു
Published on

പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ മർദനമേറ്റ കുട്ടിയുടെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്തിയില്ലെന്ന് പിതാവ് ജയരാജ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത സംഭവത്തിൽ പ്രതിയെ ജാമ്യത്തിൽ വിട്ടു. ആദ്യം മുതൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നുവെന്നും ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയ്യാറാകുന്നില്ലെന്നും ജയരാജ് ആരോപിച്ചു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിൽ. ബോധപൂർവമാണ് മകന് നേരെ ആക്രമം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മകൻ ആശുപത്രിയിൽ കഴിയുമ്പോൾ പ്രതി മറ്റുള്ള ആളുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തുക്കളുടെ സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചു. പ്രതി ഉത്സവ പറമ്പിൽ തമ്പോല കൊട്ടാൻ പോകാറുണ്ടെന്നും ഈ ടീമിന്റെ പിന്തുണയുണ്ടെന്ന് പറഞ്ഞ് നിരന്തരം പ്രതി മകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ജയരാജ് കൂട്ടിച്ചേർത്തു.

ശ്രീ വിദ്യാദി രാജ ഐടിഐയിലെ വിദ്യാർഥിക്ക് നേരെയാണ് സഹപാഠിയുടെ ആക്രമണം നടന്നത്. ഐടിഐ വിദ്യാർഥിയായ സാജനെ സഹപാഠിയായ കിഷോർ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ സാജൻ്റെ മൂക്കിൻ്റെ പാലം തകർന്നു. സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ കണ്ണിനോടും മൂക്കിനോടും ചേർന്ന ഭാഗം പൂർണമായും തകർന്നു. മൂക്കിനേറ്റ ഇടിയിൽ മൂക്കിൻ്റെ പാലം രണ്ടര സെൻ്റീമീറ്റർ അകത്തേക്ക് പോയി. പരിക്ക് കുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പുകളെ അടക്കം ബാധിച്ചു. കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് പിതാവ് ഇന്നലെ പറഞ്ഞത്.

കേരളത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട് കേട്ടുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് ഒറ്റപ്പാലത്തെ വിദ്യാർഥിക്ക് നേരെയുള്ള ആക്രമണം. മാരകമായ ആയുധങ്ങളും മനുഷ്യത്വരഹിതമായ രീതിയിലുമാണ് പല ആക്രമണങ്ങളും അരങ്ങേറുന്നത്. താമരശേരിയിലെ സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിന് മർദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

News Malayalam 24x7
newsmalayalam.com