
എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ആര് എവിടെ കൂടിക്കാഴ്ച നടത്തിയാലും ഞങ്ങൾക്ക് പ്രശ്നമില്ല. എന്തിന് കൂടിക്കാഴ്ച നടത്തി, ഏതിന് കൂടിക്കാഴ്ച നടത്തി എന്നത് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലങ്ങളിൽ പറയട്ടെ. മുഖ്യമന്ത്രി മോശമാണെന്ന് ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്നും മന്ത്രി പറഞ്ഞു.
"പിണറായി വിജയനെ തകർക്കാനാണ് ശ്രമം. അതിനു പിന്നിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളുണ്ട്. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. തൃശൂരിൽ കോൺഗ്രസുകാർ എത്രയെത്ര വോട്ട് മറിച്ചു എന്നുള്ള കണക്ക് ആദ്യം പുറത്തുവിടട്ടെ. വോട്ട് മറിച്ചതിന് ആദ്യം അവർ മറുപടി പറയട്ടെ. കെപിസിസി നിശ്ചയിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടും പുറത്ത് വിടട്ടെ"- മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് തെളിവ് പുറത്തുവിട്ടാൽ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച സർക്കാർ അന്വേഷിക്കുമെന്ന് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞിരുന്നു. എഡിജിപി എന്നല്ല, കേരളത്തിലെ ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നതിനെ പാർട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. എന്നാൽ, ചട്ടവിരുദ്ധമായി സന്ദർശനത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തണമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.