കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂമന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയും കൂട്ടുനിന്നുവെന്നാണ് ആരോപണം
ഇടുക്കി ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ ഒന്നാം പ്രതി റവന്യൂ മന്ത്രിയെന്ന് രമേശ് ചെന്നിത്തല. റവന്യൂ വകുപ്പിൻ്റെ ഒത്താശയോടെയാണ് അതീവ പരിസ്ഥിതിലോല മേഖലയിൽ കയ്യേറ്റം നടന്നത്. റീ സർവേക്കായി മന്ത്രി സ്പെഷ്യൽ ഓർഡർ ഇറക്കിയത് കയ്യേറ്റത്തിനു വഴിവെച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂമന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയും കൂട്ടുനിന്നുവെന്നാണ് ആരോപണം. അടിമാലി സ്വദേശി സിബിക്ക് വ്യാജരേഖ ചമയ്ക്കാൻ ഒത്താശ ലഭിച്ചെന്ന് സിപിഐ ബൈസൺവാലി മുൻ ലോക്കൽ സെക്രട്ടറി എം.ആർ. രാമകൃഷ്ണൻ ആരോപിച്ചിരുന്നു. അനധികൃത നിർമാണം നടത്തി കിട്ടുന്ന ലാഭവിഹിതത്തിൽ ഒരു പങ്ക് മന്ത്രിക്കും സിപിഐ ജില്ലാ സെക്രട്ടറിക്കും ഉള്ളതാണെന്ന് സിബി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൊക്രമുടി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് കെ.രാജൻ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.