
സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജുവിൻ്റെ മരണം വിവാദമാക്കിയത് കെ.ഇ. ഇസ്മയിൽ പക്ഷത്തെ നേതാക്കളെന്ന് അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ. സംഭവത്തിൽ എറണാകുളത്തെ മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ 17 പേർക്കെതിരെ നടപടിക്ക് ശുപാർശ. വിവാദം പാർട്ടിക്ക് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് കമ്മീഷൻ കണ്ടെത്തി.
ജില്ലയിലെ മുതിർന്ന നേതാക്കളായ സുഗതൻ, കെൽഎൻ ഗോപി, റനീഷ്, സന്ത്ജിത്ത്, എം.ടി. നിക്സൺ തുടങ്ങി 17 നേതാക്കൾക്കെതിരെയാണ് നടപടിക്ക് ശുപാർശ. പി. രാജുവിൻ്റെ മരണം നേതാക്കൾ വിവാദമാക്കി പാർട്ടിക്ക് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. സിപിഐ സംസ്ഥാനസമിതി അംഗം പി.കെ. രാജേഷിൻ്റെ നേതൃതൃത്തിൽ നടത്തിയ അന്വേഷണ കമ്മീഷൻ്റേതാണ് കണ്ടെത്തൽ. ജില്ല എക്സിക്യുട്ടീവ് അംഗീകരിച്ച റിപ്പോർട്ട് സംസ്ഥാന സമിതിക്ക് വിട്ടു.
മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണങ്ങളാണ് വിവാദമായത്. പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നെന്നായിരുന്നു ഇസ്മയിലിൻ്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയിൽ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു സിപിഐ നേതാവിന്‍റെ പ്രതികരണം.
ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ചാണ് ഇസ്മയിൽ രംഗത്തെത്തിയത്. ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നെന്നും ഇസ്മയിൽ പറഞ്ഞു. പിന്നാലെ രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചിരുന്നു.