തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ഇടതു-വലതു നേതാക്കളുടെ കല്ലറ സന്ദർശിച്ച് അനുഗ്രഹം വാങ്ങാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇടതു സ്വതന്ത്രസ്ഥാനാർഥി പി.സരിൻ
ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം, കോൺഗ്രസ് മത്സരിച്ച് ജയിച്ച മണ്ഡലം, കോൺഗ്രസ് വിട്ട നേതാവ് തന്നെ ഇടതുസ്ഥാനാർഥിയായി എത്തുന്ന മണ്ഡലം. ഈ ഉപതെരഞ്ഞെടുപ്പിൽ തീപാറും പോരാട്ടത്തിന് സാക്ഷിയാവാനൊരുങ്ങുകയാണ് പാലക്കാട്. കരുത്ത് തെളിയിക്കാൻ മൂന്ന് മുന്നണികളും കച്ച മുറുക്കിയിരിക്കുകയാണ്. നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷം ഇടതുസ്ഥാനാർഥിയായ മുൻ കോൺഗ്രസ് നേതാവ് ഡോ. പി. സരിനെ സംബന്ധിച്ചിടത്തോളം പാലക്കാട്ടെ വിജയം ഒരു അഭിമാന പോരാട്ടമാണ്. തൻ്റെ മത്സരം ബിജെപിക്കെതിരെയാണെന്ന് പ്രഖ്യാപിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ഇടതു-വലതു നേതാക്കളുടെ കല്ലറ സന്ദർശിച്ച് അനുഗ്രഹം വാങ്ങാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇടതു സ്വതന്ത്രസ്ഥാനാർഥി പി.സരിൻ.
ഇന്ന് രാവിലെ വയലാർ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ സരിൻ പിന്നീട് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ സ്മൃതി മണ്ഡപത്തിലേക്ക് തിരിച്ചു. പറയാനുള്ളതെല്ലാം ആദ്യം ഇവിടെ പറഞ്ഞിട്ടാണ് ചെയ്യാറുള്ളതെന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സരിൻ പറഞ്ഞു. ശരത്ലാലിൻ്റെയും കൃപേഷിൻ്റെയും സ്മൃതി മണ്ഡപത്തിലും പോകുമോ എന്ന ഷാഫിയുടെ പരിഹാസത്തിന് മറുപടിയില്ലെന്നും സരിൻ അഭിപ്രായപ്പെട്ടു. പോകേണ്ട ഇടങ്ങൾ ഏതാണെന്ന വ്യക്തമായ ബോധമുണ്ടെന്നും, ആ ബോധ്യത്തോടെയാണ് ചെയ്യുന്നതെന്നും സരിൻ വ്യക്തമാക്കി.
ALSO READ: വയനാട്ടിൽ പ്രചാരണം കൊഴുക്കുന്നു; ചുക്കാൻ പിടിച്ച് പ്രാദേശിക നേതാക്കൾ
കോൺഗ്രസുകാരനായി തന്നെയാണോ ഉമ്മൻ ചാണ്ടിയുടെ മുന്നിൽ നിന്നതെന്ന ചോദ്യത്തിന് 7-8 വർഷം അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത് പോലെ തന്നെയാണ് ഇപ്പോഴുമെന്നായിരുന്നു മറുപടി. ഇടതുമുന്നണിയിൽ ഭിന്നത ഇല്ലെന്ന് ഉറപ്പിച്ച സരിൻ, ഉണ്ടെങ്കിൽ അത് പ്രചാരണത്തിലടക്കം പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാട്ടി. പ്രതിരോധത്തിലായവരിൽ നിന്ന് ആരിലാണ് എവിടെയാണ് പ്രശ്നം എന്നൊക്കെ സ്വയം വായിച്ചെടുക്കുക. പാലക്കാട് ഓരോ ഘട്ടം കഴിയും തോറും പറയാനുള്ള കാര്യങ്ങളിൽ ആത്മവിശ്വാസം കൂടുന്നുണ്ടെന്നും സരിൻ പറയുന്നു.
അതേസമയം കല്ലറ സന്ദർശിക്കുന്ന വിവരം അറിയേക്കേണ്ടവരെയെല്ലാം അറിയിച്ചിട്ടുണ്ടെന്ന് സരിൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയും കെ. കരുണാകാരനും ജനകീയ നേതാക്കളാണെന്നും അവരുടെ കല്ലറയിൽ ആർക്കും പോകാമെന്നായിരുന്നു കോണഗ്രസ് നേതാവ് രമേശ് ചെന്നിതലയുടെ പ്രതികരണം.
ALSO READ: പാലക്കാട് മൂന്നിൽ നിന്ന് ഒന്നിലേക്ക് കുതിക്കും; ചരിത്രവിജയം നേടാൻ ചേലക്കര സജ്ജം: എം. വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനെയും സന്ദർശിച്ച് പിന്തുണ തേടിയിരിക്കുകയാണ് സരിൻ.
സരിൻ മിടുമിടുക്കനാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള വെള്ളാപ്പള്ളിയുടെ ആദ്യപ്രതികരണം. മൂന്നുമുന്നണിയും ഒപ്പത്തിനൊപ്പമുള്ള പാലക്കാട് ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളും എസ്എൻഡിപി നേതാവ് ഉയർത്തി.
ചത്ത കുതിരയെന്നായിരുന്നു വെള്ളാപ്പള്ളി കോൺഗ്രസിനെ വിശേഷിപ്പിച്ചത്. ആരെയും ഉൾക്കൊള്ളാത്ത കോൺഗ്രസ്, ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. സമൂഹ നീതിയെ കുറിച്ച് സംസാരിച്ച തന്നെ ജയിലിൽ ആക്കാൻ ശ്രമിച്ചു. താനും കോണഗ്രസുമായി അകൽച്ചയിലാണെന്നും അതുക്കൊണ്ട് കൂടുതലായി പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സരിൻ കൂടിക്കാഴ്ച നടത്തി. മുതിർന്ന ഒരാളെ കാണാൻ ആയി വന്നു.അദ്ദേഹത്തെ കണ്ടു അദ്ദേഹത്തിന് ഒരു നിലപാട് മാത്രമേ ഉള്ളു. തന്റെ രാഷ്ട്രീയത്തിലെ ശരി ബോധ്യപ്പെടുത്താൻ കൂടി വന്നതാണെന്നും എല്ലാ മനുഷ്യരുടെയും പിന്തുണ അല്ലെ സ്ഥാനാർഥി എന്ന നിലയിൽ തേടേണ്ടതെന്നും സരിൻ പറഞ്ഞു.