മൂന്നാറിൽ ബൈക്ക് യാത്രക്കാരിയെ എടുത്തെറിഞ്ഞ് പടയപ്പ; തൃശൂർ സ്വദേശിയുടെ ഇടുപ്പെല്ല് പൊട്ടി

വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ആന ആക്രമിച്ചത്
മൂന്നാറിൽ ബൈക്ക് യാത്രക്കാരിയെ എടുത്തെറിഞ്ഞ് പടയപ്പ; തൃശൂർ സ്വദേശിയുടെ ഇടുപ്പെല്ല് പൊട്ടി
Published on

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്. തൃശൂർ സ്വദേശി ഡിൽജയ്ക്കാണ് പരിക്കേറ്റത്. മൂന്നാർ വാഗവരയിൽ വച്ചാണ് പടയപ്പ ഡിൽജയെ ആക്രമിച്ചത്.

ഇരുചക്രവാഹനത്തിൽ ഡിൽജിയും മകൻ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് പടയപ്പയുടെ ആക്രമണം. വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ആന ആക്രമിച്ചത്. ഡിൽജയെ പടയപ്പ എടുത്ത് എറിയുകയായിരുന്നു. ആക്രമണത്തിൽ ഇടുപ്പെല്ല് പൊട്ടിയ ഡിൽജ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട്ടിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് ഹർത്താൽ തുടരുകയാണ്. തുടരെ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളും മരണങ്ങളും സർക്കാർ അനാസ്ഥയെന്ന് ആരോപിച്ചാണ് ഹ‍ർത്താൽ സംഘടിപ്പിച്ചത്. രാവിലെ ആറ് മണി തൊട്ട് വൈകിട്ട് ആറ് വരെയാണ് ഹ‍ർത്താൽ. ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കി. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ടു ദിവസത്തിനിടെ രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യുഡിഎഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ വെള്ളരിമല വില്ലേജിലെ അട്ടമല ഭാഗത്ത് എറാട്ട് കുണ്ട് ഉന്നതിയില്‍ കറുപ്പന്റെ മകന്‍ ബാലന്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തിൽ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കൊല്ലപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com