അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
വയനാട്ടിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് ഹർത്താൽ. തുടരെ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളും മരണങ്ങളും സർക്കാർ അനാസ്ഥയെന്ന് ആരോപിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചത്. രാവിലെ ആറ് മണി തൊട്ട് വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കി. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു ദിവസത്തിനിടെ രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യുഡിഎഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വയനാട്ടില്‍ കാട്ടാനയാക്രമണത്തില്‍ വെള്ളരിമല വില്ലേജിലെ അട്ടമല ഭാഗത്ത് എറാട്ട് കുണ്ട് ഉന്നതിയില്‍ കറുപ്പന്റെ മകന്‍ ബാലന്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തിൽ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കൊല്ലപ്പെട്ടത്.
ALSO READ: വന്യമൃഗ ശല്യം രൂക്ഷം: പ്രശ്നപരിഹാരത്തിനായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജിയും കൺവീനർ പി.ടി. ഗോപാലക്കുറുപ്പും അറിയിച്ചു.
അതേസമയം, വയനാട്ടിലെ വന്യമൃഗ ആക്രമണ പരിഹാരത്തിന് സർക്കാർ കഴിഞ്ഞ ദിവസം അടിയന്തര സഹായം അനുവദിച്ചു. കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 50 ലക്ഷം രൂപ അനുവദിച്ചത്. വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ തുക അനുവദിച്ചത്.
വന്യജീവി സംഘർഷത്തെ നേരിടാൻ വനം വകുപ്പ് 10 മിഷനുകൾ രൂപീകരിച്ചിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകൾ വൃത്തിയാക്കണമെന്ന് ഉടമകൾക്ക് നോട്ടീസ് നൽകുമെന്നും, ജനവാസ മേഖലകളിൽ വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നതിന് ടൈം മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. വന്യജീവി ആക്രമണങ്ങളിൽ അതിവേഗ ഇടപെടലിന് സന്നദ്ധ പ്രതികരണ സേന രൂപീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഗോത്ര സമൂഹങ്ങളിൽ നിന്ന് പരമ്പരാഗത അറിവുകൾ ശേഖരിക്കാൻ മിഷൻ ട്രൈബൽ നോളജ് സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.