കശ്മീരില്‍ മൂന്ന് ഭീകരവാദികളുടെ വീടുകള്‍ കൂടി തകര്‍ത്ത് സുരക്ഷാസൈന്യം; ഭീകരർക്കായി തെരച്ചിൽ ഊർജിതം

കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായാണ് വീടുകൾ തകർത്തത്. പുൽവാമയിലെ കച്ചിപോരാ, മുറാൻ മേഖലയിലായിരുന്നു വീടുകൾ
കശ്മീരില്‍ മൂന്ന് ഭീകരവാദികളുടെ വീടുകള്‍ കൂടി തകര്‍ത്ത് സുരക്ഷാസൈന്യം; ഭീകരർക്കായി തെരച്ചിൽ ഊർജിതം
Published on

ജമ്മു കശ്മീരിൽ മൂന്ന് ഭീകരവാദികളുടെ വീടുകൾ കൂടി തകർത്ത് പ്രാദേശിക ഭരണകൂടം. ലഷ്കർ ഇ ത്വയ്ബ ഭീകരർ ആസിഫ് അഹമദ് ഷെയ്ഖ്, ആദിൽ അഹമദ് തോക്കർ, ഷാഹിദ് അഹമദ് കുട്ട എന്നിവരുടെ വീടുകളാണ് കഴിഞ്ഞ രാത്രി തകർത്തത്. കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായാണ് വീടുകൾ തകർത്തത്. പുൽവാമയിലെ കച്ചിപോരാ, മുറാൻ മേഖലയിലായിരുന്നു വീടുകൾ. വീടുകൾ തകർക്കുമ്പോൾ കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഇല്ലായിരുന്നു എന്ന് ഭരണകൂടം ഉറപ്പുവരുത്തി. എന്നാൽ, അപകടസാഹചര്യം അറിഞ്ഞ് ഇവർ നേരത്തെ വീടുകളൊഴിഞ്ഞ് കടന്നുകളഞ്ഞുവെന്നാണ് വിവരം.

ഭീകരവാദികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഭീകരർക്ക് സഹായം നൽകിയ രണ്ട് പേരെ കുൽഗാമിൽ നിന്ന് പിടികൂടി. പഹൽഗാം ആക്രമണത്തിലെ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരർക്കായി ജമ്മുവിലെ ആറ് ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രജൗരി, പൂഞ്ച്, റിയാസി, ഉധംപൂർ, കിഷ്ത്വാർ, കത്വ മേഖലകളിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കി. അതിർത്തികളിലുൾപ്പെടെ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഞായറാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പാക് പൗരന്മാരെ മടക്കി അയക്കാൻ മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാക് പൗരന്മാരുടെ വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ശക്തമാക്കി. SAARC വിസകൾക്ക് ഏപ്രിൽ 26 വരെയും മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെയും മാത്രമാകും സാധുത. ടൂറിസ്റ്റ്, സ്റ്റുഡന്‍റ് വിസകളുള്‍പ്പടെ മറ്റെല്ലാ വിസകളും ഏപ്രിൽ 27 ഓടെ കാലഹരണപ്പെടും.

ഷിംല കരാർ മരവിപ്പിച്ചതിന് പിന്നാലെ പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിൽ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചതായി സൈന്യം അറിയിച്ചു. വിവിധ പാക് സൈനിക പോസ്റ്റുകൾ ഇന്നലെ രാത്രി നിരവധി തവണ വെടിയുതിർത്തു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com