ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വാഗ അതിർത്തി പൂർണമായും അടയ്ക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിരുന്നു
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അട്ടാരി-വാഗ അതിർത്തി പൂർണമായും അടച്ച് പാകിസ്ഥാൻ. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വാഗ അതിർത്തി പൂർണമായും അടയ്ക്കുമെന്ന് ഇരുരാജ്യങ്ങളും നേരത്തെ അറിയിച്ചിരുന്നു.
ഹ്രസ്വകാല വിസയുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. അതിർത്തി അടച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മടങ്ങിയ സ്ത്രീകളും കുട്ടികളും അടക്കം അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ കഴിയാത്തവർ, വെള്ളവും ഭക്ഷണവും ഇല്ലാതെ വലയുന്ന സ്ഥിതിയാണ് ഉള്ളത്.
ബുധനാഴ്ച വരെ അട്ടാരി-വാഗ അതിർത്തി വഴി 125 പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിട്ടുവെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യം വിട്ട മൊത്തം പാകിസ്ഥാനികളുടെ എണ്ണം 911 ആയി. വ്യാഴാഴ്ച ഇരു രാജ്യങ്ങളിൽ നിന്നും ആരും മറുവശത്തേക്ക് കടന്നിട്ടില്ലെന്ന സ്ഥിരീകരണം വന്നതിൽ പിന്നെയാണ് അതിർത്തി അടച്ചത്.
വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് നിര്‍ത്താന്‍ ആലോചന നടക്കുന്നുണ്ടെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. 1959 മുതല്‍ രാജ്യത്ത് എല്ലാ ദിവസവും സൂര്യാസ്തമയത്തിന് ശേഷം നടത്തിവരുന്ന ചടങ്ങാണ് ബീറ്റ് ദ റിട്രീറ്റ്. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന്റെ പ്രതീകമായ നില കൊള്ളുന്ന ചടങ്ങ് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേനയും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സംയുക്തമായാണ് നടത്തിയിരുന്നത്. പഹൽഗാമിൽ 26 പേരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു.