പഹല്‍ഗാം ആക്രമണം കഴിഞ്ഞ്, രണ്ടാഴ്ച പിന്നിട്ടിട്ടും ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല
വിക്രം മിസ്രി
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന കണ്ടെത്തലാണ്, ഭീകരതയ്ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കിയത്. പഹല്‍ഗാം ആക്രമണം കഴിഞ്ഞ്, രണ്ടാഴ്ച പിന്നിട്ടിട്ടും ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാന്‍ മാറി. അതുകൊണ്ടാണ് പാകിസ്ഥാനിലെ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മിസ്രി സേനയുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഹല്‍ഗാമിലേത് കിരാതമായ ആക്രമണമായിരുന്നു. കുടുബാംഗങ്ങളുടെ കണ്‍മുന്നില്‍വെച്ചാണ് പലരും കൊല്ലപ്പെട്ടത്. മാനസിക വേദന വര്‍ധിപ്പിക്കുന്നതായിരുന്നു കൊലപാതക രീതി. ആക്രമണത്തിനു തൊട്ടുപിന്നാലെ, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നു. ഈ സംഘത്തിന് ലഷ്കറെ ത്വയ്ബയുമായി ബന്ധമുണ്ട്. ജയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ പോലുള്ള ഭീകരസംഘടനയുമായി ബന്ധപ്പെട്ടാണ് ടിആര്‍എഫ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയെയും അറിയിച്ചിരുന്നു. 2023 ഡിസംബറില്‍, ടിആര്‍എഫ് ഉള്‍പ്പെടെ ചെറിയ ഭീകര സംഘടനകളിലൂടെ ജയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സാങ്ഷന്‍ മോണിറ്ററിങ് ടീമിനെ അറിയിച്ചിരുന്നു.
2024 മെയ്-നവംബറിലെ ടീമിന്റെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലേക്കും ടിആര്‍എഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ പങ്കുവച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, ഏപ്രില്‍ 25ന് യുഎന്‍ രക്ഷാ സമിതി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍നിന്ന് ടിആര്‍എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കാന്‍ പാകിസ്ഥാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. നീചമായ ഭീകരപ്രവർത്തനത്തിന്റെ കുറ്റവാളികള്‍, ആസൂത്രകര്‍, ധനസഹായം നൽകുന്നവര്‍, സ്പോൺസർമാര്‍ എന്നിവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു വാര്‍ത്താക്കുറിപ്പ്. അതിനെരായ നടപടി ഭീകരാക്രമണങ്ങളില്‍ പാകിസ്ഥാനുള്ള ബന്ധമാണ് തുറന്നുകാട്ടുന്നത് - മിസ്രി വിശദീകരിച്ചു.
പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തില്‍, പാകിസ്ഥാനിലും പുറത്തുമുള്ള ഭീകരര്‍ ആശയ വിനിമയം നടത്തിയതായും കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള ടിആര്‍ആഫിന്റെ അവകാശവാദവും, ഇക്കാര്യം ലഷ്കറെ ത്വയ്ബയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ടതുമെല്ലാം ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കും, ആഗോള ആശങ്കകള്‍ക്കുമിടയില്‍ രാജ്യത്ത് വേരൂന്നിയ ഭീകര സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. ഭീകരസംഘങ്ങളുടെ സുരക്ഷിത താവളം എന്ന സ്വത്വമാണ് ലോകത്തിന് മുന്നില്‍ പാകിസ്ഥാന്‍ സൃഷ്ടിച്ചെടുത്തത്. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം, ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കേണ്ടതും അനിവാര്യമായിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യ തയ്യാറായതെന്നും മിസ്രി വ്യക്തമാക്കി.