പാകിസ്ഥാന്‍ ഭീകരര്‍ക്കോ, ഭീകര സംഘടനകള്‍ക്കോ അഭയം നല്‍കുന്നില്ലെന്ന് ഖ്വാജ ആസിഫ്
ഖ്വാജ ആസിഫ്
പാകിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബിബിസി അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രാജ്യത്ത് സജീവമായി ഭീകരരോ, ഭീകര സംഘടനകളോ ഉണ്ടോയെന്ന ചോദ്യത്തിന് 'നോ' എന്നായിരുന്നു പാക് മന്ത്രിയുടെ ആദ്യ മറുപടി. പാകിസ്ഥാന്‍ ഭീകരര്‍ക്കോ, ഭീകര സംഘടനകള്‍ക്കോ അഭയം നല്‍കുന്നില്ല. രാജ്യത്ത് താമസിക്കുന്നവര്‍ രാജ്യത്തിനകത്തോ, അതിര്‍ത്തിയിലോ ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പഹൽഗാം ആക്രമണം നടത്തിയത് നിരോധിത ഭീകര സംഘടനയായ ലഷ്കറെ ത്വയ്ബയാണെന്നും, അവര്‍ പ്രവർത്തിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
ALSO READ: VIDEO | വിരാടപർവം പൂർത്തിയാക്കി ഇതിഹാസം മടങ്ങി; കോഹ്‌ലിയുടെ 5 മികച്ച ടെസ്റ്റ് ഇന്നിങ്സുകൾ
59 സൈനികർ കൊല്ലപ്പെട്ട 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളെ 'നിയമാനുസൃതമായ ബിസിനസുകൾ' വഴി ഫണ്ട് സ്വരൂപിക്കാൻ പാകിസ്ഥാൻ അനുവദിക്കുന്നുണ്ടെന്ന യുഎസിൻ്റെ ആരോപണങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്, യുഎസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ആസിഫിന്റെ മറുപടി. അതെല്ലാം പാകിസ്ഥാൻ്റെ ഭൂതകാലത്തിൽ നിന്നുള്ള കാര്യങ്ങളാണ്. 1980-കളിൽ അഫ്ഗാൻ-സോവിയറ്റ് യുദ്ധകാലത്ത് ചില അഫ്ഗാന്‍ ഗ്രൂപ്പുകൾക്ക് യുഎസ് ആയുധം നൽകിയതിനെപ്പറ്റിയും ആസിഫ് പറഞ്ഞു. പതിറ്റാണ്ടുകളായി 'മുജാഹിദീൻ' ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നതിലും ആയുധങ്ങൾ നൽകുന്നതിലും യുഎസിന് പങ്കുണ്ട്. ഇവരാണ് തീവ്രവാദ സംഘടനകളായി പുനർജനിച്ചത്. അന്ന് അമേരിക്കയും പാകിസ്ഥാനും പിന്തുണച്ച സംഘടനകളിൽ ഹഖാനി ശൃംഖലയും ഉൾപ്പെടുന്നുണ്ട്. ഈ സംഘടനയ്ക്ക് താലിബാൻ, ജെയ്‌ഷെ, ലഷ്‌കർ ഗ്രൂപ്പുകളുമായി ഇപ്പോഴും ബന്ധമുണ്ട്.
പാകിസ്ഥാനിലോ അവരുടെ ഭീകര സംഘടനകളിലോ ഉണ്ടെന്ന് അവകാശപ്പെടുന്ന തീവ്രവാദികൾ 80 കളിൽ അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ശ്രമങ്ങളുടെ സഖ്യകക്ഷികളായിരുന്നു. എന്നാൽ ഈ കാര്യം ഞങ്ങളെയാണ് വേട്ടയാടുന്നത്. ഇപ്പോൾ അവരെല്ലാം 'ഡ്രൈ-ക്ലീൻ' ആയി. എന്നാൽ പാകിസ്ഥാൻ ഇപ്പോഴും 'വൃത്തികെട്ടവരാണ്'. അവരുടെ സഖ്യകക്ഷികളായിരുന്ന ആളുകൾക്ക് വേണ്ടി അവർ ഇപ്പോൾ കുറ്റപ്പെടുത്തുന്നത് ഞങ്ങളെയാണ്. നിങ്ങളോ ഞാനോ തീവ്രവാദികളാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ഖ്വാജ ആസിഫ് ചോദിച്ചു.
ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് ആസിഫ് പാകിസ്ഥാനും അവിടെ പ്രവർത്തിക്കുന്ന തീവ്രവാദികളും തമ്മിലുള്ള ബന്ധം സമ്മതിക്കുന്നത്. അതേസമയം ആ ഗ്രൂപ്പുകളെ വളർത്തുന്നതിൽ യുഎസിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.