ക്ഷമയുടെ പരിധി കടന്നതിനാലാണ് പാകിസ്ഥാൻ പ്രതികരിച്ചതെന്ന് ഇഷാഖ് ധർ പറഞ്ഞു
ഇഷാഖ് ധർ
ഇന്ത്യ തുടർ ആക്രമണങ്ങൾ നടത്താതിരുന്നാൽ പാകിസ്ഥാൻ നടപടി അവസാനിപ്പിക്കാമെന്ന് പാക് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ പാക് വിദേശകാര്യമന്ത്രി ഈ സന്ദേശം അറിയിച്ചതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജിയോ ന്യൂസിനോടാണ് ധർ ഇക്കാര്യങ്ങൾ സംസാരിച്ചതെന്നാണ് എപിയുടെ റിപ്പോർട്ട്.
Also Read: ഇന്ത്യ-പാക് സംഘർഷം: "ഇരുപക്ഷവും ക്രിയാത്മകമായ ചർച്ചകള്‍ക്ക് തയ്യാറാകണം"; യുഎസിന്‍റെ നിർണായക ഇടപെടല്‍
ക്ഷമയുടെ പരിധി കടന്നതിനാലാണ് പാകിസ്ഥാൻ പ്രതികരിച്ചതെന്ന് ഇഷാഖ് ധർ പറഞ്ഞു. പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുന്നതായി ഇന്ത്യൻ സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ കരസേന അണിനിരക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായാണ് വിങ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞത്. ഇത് കൂടുതൽ സംഘർഷം സൃഷ്ടിക്കാൻ ഉദ്ദേശ്യം വെച്ചാണെന്നും സംഘർഷം രൂക്ഷമാകാതിരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിങ് കമാൻഡർ വ്യക്തമാക്കി.
Also Read: അതിവേഗം തിരിച്ചടി; പാക് വ്യോമതാവളങ്ങളും ആയുധപ്പുരകളും ആക്രമിച്ചതായി സേന; റഡാർ സൈറ്റുകളും നശിപ്പിച്ചു
അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ- പാക് ഭരണാധികാരികളുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പാക് സൈനിക മേധാവി അസിം മുനീർ, പാക് ഉപപ്രധാനമന്ത്രി ഇഷാക് ധർ എന്നിവരുമായാണ് റൂബിയോ ഫോണിൽ സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ക്രിയാത്മകമായ ചർച്ചകൾക്ക് സഹായിക്കാമെന്നാണ് യുഎസിന്റെ വാഗ്ദാനം. ഇരുപക്ഷവും സംഘർഷം ലഘൂകരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടു. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഫലപ്രദമായ ചർച്ചകൾ സാധ്യമാക്കുന്നതിൽ യുഎസ് പിന്തുണയുണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.