പാക് - അഫ്ഗാന്‍ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ
പാകിസ്ഥാനില്‍ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ റിക്ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 1.44നാണ് ഭൂചലനം ഉണ്ടായത്. പാക് - അഫ്ഗാന്‍ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ. വിവിധ ഭാഗങ്ങളിലായി പ്രകമ്പനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. ദിവസങ്ങൾക്ക് മുമ്പ്, പാകിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.
ALSO READ: പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാക് ഡ്രോൺ ബോംബാക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
അതേസമയം, ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ, പാക് ഡ്രോണുകളെ തകർത്തെറിഞ്ഞാണ് ഇന്ത്യ പ്രതിരോധം തീർത്തത്. ജമ്മുവിലേക്ക് മാത്രം എത്തിയത് നൂറോളം ഡ്രോണുകളെന്നും റിപ്പോർട്ടുണ്ട്.
പൂഞ്ച്, രജൗരി മേഖലകളിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. പാകിസ്ഥാൻ്റെ ഫതാ 1 മിസൈൽ വെടിവെച്ചിട്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബാരമുള്ളയിൽ വൻ പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കാൻ പത്ത് മണിക്ക് നിർണായക വാർത്താ സമ്മേളനം നടത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒരുമിച്ച് മാധ്യമങ്ങളെ കാണും. സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.