സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പാകിസ്ഥാൻ ദേശീയ അസംബ്ലിയുടെ ദൃശ്യങ്ങളിൽ തെളിഞ്ഞു കാണുന്നത് പ്രതീക്ഷയില്ലായ്മയാണ്
താഹിർ ഇഖ്ബാൽ
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടർസൈനിക നീക്കങ്ങളുണ്ടായേക്കുമെന്ന ഭയത്തിലാണ് പാകിസ്ഥാൻ. പാകിസ്ഥാൻ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ഇന്ത്യക്ക് തക്കതായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറയുമ്പോഴും ആ ആത്മവിശ്വാസം പാകിസ്ഥാനിൽ പലർക്കുമില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പാകിസ്ഥാൻ ദേശീയ അസംബ്ലിയുടെ ദൃശ്യങ്ങളിൽ തെളിഞ്ഞു കാണുന്നത് ഈ പ്രതീക്ഷയില്ലായ്മയാണ്.
Also Read: പാക് ആക്രമണങ്ങളുടെ മുനയൊടിക്കുന്ന 'ഹാർപി' ഡ്രോണുകളും 'എസ് 400' ഡിഫൻസ് സിസ്റ്റവും; വിശദമായി അറിയാം
"പാകിസ്ഥാനെ ഇന്ത്യയിൽ നിന്ന് രക്ഷിക്കൂ", എന്ന് ജനറൽ മുനീറിനോട് അഭ്യർഥിച്ചു കൊണ്ട് പാക് എംപി താഹിർ ഇഖ്ബാൽ കരയുന്നതാണ് ദൃശ്യങ്ങളിൽ. സങ്കൽപ്പിക്കാനാകാത്ത ശിക്ഷയാണിതെന്നും ജനങ്ങൾ തകർന്നിരിക്കുകയാണെന്നും പറഞ്ഞാണ് താഹിർ ഇഖ്ബാലിന്റെ വാക്കുകൾ ഇടറുന്നത്. പാകിസ്ഥാൻ മുസ്ലീം ലീഗ്-എൻ എംപിയാണ് താഹിർ ഇഖ്ബാൽ. പാകിസ്ഥാൻ സൈന്യത്തിൽ മേജറായും താഹിർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന പാക് ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും തിരിച്ചടിയായി ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർക്കുകയും ചെയ്തിരുന്നു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാക് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയത്.