
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ പാക് പ്രത്യാക്രമണം. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ 'ഏകപക്ഷീയവും വിവേചനരഹിതവുമായ വെടിവയ്പ്പും' ഷെല്ലാക്രമണവും നടത്തിയെന്നും 'ആനുപാതികമായ മറുപടി' നൽകിയതായും ഇന്ത്യൻ സൈന്യവും വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ സംയുക്ത സൈനിക ഓപ്പറേഷൻ നടപ്പിലാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യാക്രമണം. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം തുല്യ അളവിൽ മറുപടി നൽകിയതായി അധികൃതർ അറിയിച്ചതായാണ് പിടിഐ റിപ്പോർട്ട്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ്. പൂഞ്ചിൽ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് 25 പേർക്ക് പരിക്കേറ്റു. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ 10 പേർക്കും രജൗരി ജില്ലയിൽ മൂന്ന് പേർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അതിർത്തി ജില്ലകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒമർ അബ്ദുള്ളയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കാനാണ് നിർദേശം.
ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യത്തിൻ്റെ പ്രതികരണം. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയെന്നോളമാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നീക്കം.