
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ചതിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. തീവ്രവാദത്തോട് ഒരിക്കലും ലോകം പൊറുക്കരുതെന്നായിരുന്നു ജയ്‌ശങ്കർ പറഞ്ഞു. എക്സിലൂടെയായിരുന്നു ജയ്‌ശങ്കറിൻ്റെ പ്രതികരണം. ഇന്ന് പുലർച്ചയോടെയാണ് ഇന്ത്യ ജയ്ഷെ ഭീകരന്‍ മസൂദ് അസറിന്‍റെയും ലഷ്കർ ഭീകരന്‍ ഹാഫിസ് സയീദിന്‍റെയും ശക്തികേന്ദ്രങ്ങളിലേക്ക് ഇന്ത്യ ആക്രമണം നടത്തിയത്.
പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്ന് സൈന്യം അറിയിച്ചു. മുരിഡ്‌കെ, ബഹവൽപൂർ, കോട്‌ലി ,ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്.
ആറിടങ്ങളിലായാണ് ആക്രണം നടന്നതെന്ന് പാകിസ്ഥാൻ വൃത്തങ്ങൾ അറിയിക്കുന്നത്. ആക്രമണത്തിൽ എട്ട് പേർ മരിച്ചുവെന്നും 35 പേർക്ക് പരിക്കേറ്റെന്നും 2 പേരെ കാണാതായെന്നും പാകിസ്ഥാൻ അറിയിക്കുന്നു. ആക്രമണത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങൾ അടച്ചിടുമെന്ന് വിമാനക്കമ്പനികൾ യാത്രിക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ തിരിച്ചടിയിൽ നിരവധി പേരാണ് പ്രതികരണം രേഖപ്പെടുത്തിയത്. ഭാരത് മാതാ കീ ജയ് എന്നാണ് ആക്രമണത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചത്. കോൺഗ്രസ് സർക്കാരിൻ്റെയും സൈന്യത്തിൻ്റെയും ഒപ്പമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
രാജ്യത്തെ കുറിച്ച് അഭിമാനിക്കുന്നു എന്നും ജയ് ഹിന്ദ് എന്നും ശശി തരൂർ കുറിച്ചു. ഇന്ത്യയുടെ തിരിച്ചടിയിൽ ജയ് ഹിന്ദ് എന്ന് മുൻ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എക്സിൽ കുറിച്ചു. ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്നും, ജയ്ഹിന്ദ് എന്നും രാഹുൽ ഗാന്ധി എക്സിൽ പ്രതികരിച്ചു.