ഗുരുദ്വാരകൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരാധനാലയങ്ങൾ ലക്ഷ്യമാക്കിയാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നതെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു
അതിർത്തിയിൽ പാകിസ്ഥാൻ പല തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി സ്ഥിരീകരിച്ച് ഇന്ത്യൻ സേന. മെയ് 7, 8 തീയതികളിൽ പശ്ചിമ അതിർത്തി പ്രദേശത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം നടന്നത്. കൂടാതെ, നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെടിവെപ്പും നടത്തി. 300 മുതൽ 400 വരെ ഡ്രോണുകൾ ഉപയോഗിച്ച് 36 സ്ഥലങ്ങളിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും കേണൽ സോഫിയ ഖുറേഷി അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും സേനയും ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പാക് ആക്രമണങ്ങളുടേയും ഇന്ത്യയുടെ തിരിച്ചടിയേയും പറ്റിയുമുള്ള വിശദാംശങ്ങൾ പങ്കുവെച്ചത്.
തുർക്കി നിർമിത ഡ്രോണുകളാണ് ആക്രമണത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചതെന്ന് കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. ഉറി, പൂഞ്ച്, രജോരി, മേഖലകളിൽ ആക്രമണം നടത്തി. പാക് സൈന്യത്തിന് ഇന്ത്യൻ സേന വൻ നാശമുണ്ടാക്കിയതായും സേന അറിയിച്ചു. പാകിസ്ഥാന്‍ അന്താരാഷ്ട്ര നിയന്ത്രണ രേഖ ലംഘിച്ചു. യാത്രാവിമാനങ്ങളുടെ മറപറ്റിയായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം. പഴുതടച്ചതും കൃത്യമായതുമായ പ്രതിരോധമാണ് ഇന്ത്യന്‍ സേന നടത്തിയത്.
മെയ് 7ന് വൈകുന്നേരം 08:30 ന് ഒരു പ്രകോപനവുമില്ലാതെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയിട്ടും പാകിസ്ഥാൻ സിവിൽ വ്യോമാതിർത്തി അടച്ചില്ല. ഇന്ത്യയ്‌ക്കെതിരായുള്ള ആക്രമണത്തിന് വ്യോമസേന അതിവേഗത്തിൽ മറുപടി നൽകുമെന്ന് അറിയാവുന്നതിനാൽ പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ കവചമായി ഉപയോഗിച്ചുവെന്നും വിങ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു. അന്താരാഷ്ട്ര യാത്രാവിമാനയാത്രക്കാരുടെ ജീവന് അപായമുണ്ടാകാത്ത വിധമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് പട്ടാളത്തിന് കനത്ത തിരിച്ചടി നല്‍കാനായി. പാകിസ്ഥാൻ യാത്രാവിമാനങ്ങള്‍ മറയായി ഉപയോഗിച്ചതിന്റെ തെളിവുകൾ വിങ് കമാൻഡർ പ്രദര്‍ശിപ്പിച്ചു.
പാകിസ്ഥാൻ ആക്രമണത്തിന് മറുപടിയായി, പാകിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ സായുധ ഡ്രോണുകൾ വിക്ഷേപിച്ചു. ഇതില്‍ ഒരു ഡ്രോണിന് പാകിസ്ഥാന്‍റെ എഡി റഡാർ നശിപ്പിക്കാൻ കഴിഞ്ഞു. ഹെവി-കാലിബർ പീരങ്കി തോക്കുകളും സായുധ ഡ്രോണുകളും ഉപയോഗിച്ച് നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാൻ പീരങ്കി ഷെല്ലാക്രമണം നടത്തിയെന്നും ഇത് ഇന്ത്യൻ സൈനികർക്ക് പരിക്കേല്‍ക്കുന്നതിന് കാരണമായെന്നും വിങ് കമാൻഡർ വ്യോമിക സിംഗ് അറിയിച്ചു.
ഇന്ത്യന്‍ നഗരങ്ങളും സാധാരണക്കാരെയും പാകിസ്ഥാന്‍ ലക്ഷ്യമിട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്ഥാൻ അക്രമിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി ആവർത്തിച്ചു. പാകിസ്ഥാൻ സംഘർഷത്തെ വർഗീയവത്കരിക്കാൻ ശ്രമം നടത്തുന്നുവെന്നും പഹൽഗാമിൽ ചെയ്തതു തുടരാൻ ശ്രമിക്കുന്നുവെന്നും വിക്രം മിസ്രി ആരോപിച്ചു. പൂഞ്ചിൽ കർമലീത്ത സന്യാസിനികൾ നടത്തുന്ന സ്കൂളിലും മെയ് ഏഴിന് ക്രിസ്ത്യൻ സ്കൂളിന് അടുത്തും പാക് ഷെല്ലാക്രമണം ഉണ്ടായി. സ്കൂളിലെ രണ്ട് വിദ്യാർഥികളുടെ വീടിന് നേരെ ഷെൽ പതിച്ചു. നിർഭാഗ്യവശാൽ അവർക്ക് ജീവൻ നഷ്ടപ്പെടുകയും അവരുടെ മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുദ്വാരകൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരാധനാലയങ്ങൾ ലക്ഷ്യമാക്കിയാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും വിക്രം മിസ്രി പറഞ്ഞു.