
കള്ളപ്പണവും ട്രോളി ബാഗ് വിവാദത്തിനും പിന്നാലെ പാലക്കാട് വ്യാജ സ്പിരിറ്റും കോൺഗ്രസിനെതിരെ പ്രചരണായുധമാക്കി സിപിഎം. വോട്ട് കിട്ടാൻ എന്ത് അധാർമ്മിക പ്രവർത്തനവും നടത്താൻ മടിയില്ലാത്തവരാണ് കോൺഗ്രസ് എന്നു പറഞ്ഞാണ് സിപിഎമ്മിന്‍റെ ആക്രമണം.
ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ, രാഷ്ട്രീയവും വികസനവുമാണ് പാലക്കാട് ചർച്ച ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ ഏതാനും ദിവസമായി ആ കഥ മാറി. കെപിഎം ഹോട്ടലിലെ റെയ്ഡിനു ശേഷം ഉയർന്ന ആരോപണങ്ങൾക്കു പിന്നാലെ പ്രത്യാരോപണങ്ങളുമായി മൂന്ന് മുന്നണികളും സജീവമായി. ചിറ്റൂരിൽ പിടികൂടിയ വ്യാജ സ്പിരിറ്റിലെ കോൺഗ്രസ് ബന്ധമാണ് സിപിഎമ്മിൻ്റെ പുതിയ പ്രചരണ ആയുധം. വോട്ട് കിട്ടാൻ ഏത് അധാർമിക പ്രവർത്തനവും നടത്താൻ മടിയില്ല കോൺഗ്രസിന് എന്ന് പറഞ്ഞായിരുന്നു മന്ത്രി എം.ബി. രാജേഷിൻ്റെ പ്രതികരണം. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയവർ പാലക്കാട് ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും മന്ത്രി പറഞ്ഞു. സ്പിരിറ്റുമായി പിടികൂടിയ മുരളി കോൺഗ്രസ് നേതാവിൻ്റെ ബന്ധുവാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്‍റെ ആരോപണം.
വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലെ ഷെഡിൽ നിന്നാണ് ഇന്നലെ 39 കന്നാസുകളിൽ സൂക്ഷിച്ച 1326 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 35 ലിറ്റർ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
തെരഞ്ഞെടുപ്പിന് ഇനിയും ഒന്‍പത് നാൾ ബാക്കി നിൽക്കെ പുതിയ വിഷയങ്ങൾ കണ്ടെത്തി പരസ്പര ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുന്നണികള്‍. ഇത്തരം വിഷയങ്ങള്‍ സജീവ ചർച്ചയാക്കി പ്രചരണത്തിലെ മേൽക്കോയ്മ നിലനിർത്താനാണ് മൂന്നു മുന്നണികളുടെയും ശ്രമം.