
പട്ടികജാതി വികസന വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കിടത്തിചികിത്സ പ്രതിസന്ധിയിൽ. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. ഡോക്ടർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും താല്പര്യം പ്രകടിപ്പിക്കാത്തത് അധികൃതരെ വലയ്ക്കുകയാണ്.
2024 മാർച്ച് 12നാണ് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും കിടത്തി ചികിത്സക്കുള്ള മതിയായ സൗകര്യം മെഡിക്കല്‍ കോളേജിലില്ല. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് വാർഡുകളിൽ ചികിത്സയില്‍ കഴിയുന്നത്.
Also Read: പൂരം കലക്കിയതില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ താല്‍പര്യം; തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ എഡിജിപിക്കെതിരെ നടപടി വരും: എം.വി. ഗോവിന്ദന്‍
ഡോക്ടർമാരുടെയും പരാമെഡിക്കൽ സ്റ്റാഫിൻ്റെയും കുറവാണ് കിടത്തി ചികിത്സയെ പ്രതിസന്ധിയിലാക്കുന്നത്. സീനിയർ വിഭാഗത്തില്‍ ഉൾപ്പടെ അറുപതോളം ഡോക്ടർമാരുടെ കുറവാണുള്ളത്. ഡോക്ടർമാരുടെ നിയമനത്തിനായി രണ്ടു വർഷത്തിനുളളിൽ 13 ഇൻ്റർവ്യൂ നടത്തിയെങ്കിലും ആറ് പേരെ മാത്രമേ നിയമിക്കാൻ കഴിഞ്ഞുള്ളൂ. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് ഡെപ്യൂട്ടേഷനിൽ വരാൻ താല്പര്യമില്ലാത്തതും, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ കരാർ നിയമനത്തിന് ലഭിക്കാത്തതുമാണ് നിയമനത്തിന് തടസം.
മെഡിക്കൽ കോളേജ് ഒപി മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസമാണ്. എന്നാല്‍, ആശുപത്രിയുടെ പ്രവർത്തനം സുഗമമാകണമെങ്കില്‍ കിടത്തി ചികിത്സാ സൗകര്യം കൂടി പൂർണമായി സജ്ജമാകണം. സർക്കാർ വിഷയത്തില്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.