താൻ മോദിയുടെ കടുത്ത ആരാധകനാണെന്ന് പള്ളിപ്പുറം ജയകുമാർ പറഞ്ഞു
വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വിവർത്തനം ചെയ്തത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാർ. പ്രസംഗത്തിലെ ആ ഭാഗം ക്ലിയറായില്ലെന്നും, പ്രസംഗ ഭാഗം കൃത്യമായി കേൾക്കാൻ കഴിഞ്ഞില്ലെന്നും പള്ളിപ്പുറം ജയകുമാർ പറഞ്ഞു. സ്ക്രിപ്റ്റിൽ ഉണ്ടായിരുന്ന കാര്യമാണ് താൻ പറഞ്ഞത്. പ്രസംഗത്തിനിടയിൽ കൂട്ടിച്ചേരലുകൾ ഉണ്ടാകുമെന്ന് ഓഫീസിൽ നിന്നും അറിയിച്ചിരുന്നു, തനിക്ക് നല്‍കിയ സ്ക്രിപ്റ്റില്‍ അക്കാര്യം ഇല്ലായിരുന്നുവെന്ന് പള്ളിപ്പുറം ജയകുമാർ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രസംഗത്തിൻ്റെ കോപ്പി കൊടുത്തിരുന്നു. ക്ഷമാപണം നടത്തി തിരുത്താൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി. തന്നെ പരിഭാഷനായി നിയോഗിച്ചത് കേന്ദ്രസർക്കാരാണ്. കളക്ട്രേറ്റിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തന്നെ പരിഭാഷകനായി വെച്ചതിൽ സംസ്ഥാന സർക്കാരിന് യാതൊരു ബന്ധവുമില്ലെന്നും താനൊരു ബിജെപി പ്രവർത്തകനാണെന്നും പള്ളിപ്പുറം ജയകുമാർ പറഞ്ഞു. കൂടാതെ താൻ മോദിയുടെ കടുത്ത ആരാധകനാണെന്നും പള്ളിപ്പുറം ജയകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് മനോഹരമായ ഹിന്ദി പ്രസംഗമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പ്രതികരിച്ചു. എന്നാൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ കൂടുതലും ഇംഗ്ലീഷ് വാക്കുകളാണ് പ്രയോഗിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം ശുദ്ധ മലയാളത്തിൽ പരിഭാഷ ചെയ്യണമായിരുന്നുവെന്നും എസ്. സുരേഷ് പറഞ്ഞു.
മലയാളത്തിൻ്റെ ഗരിമ ഉയർത്തി ഭംഗിയിൽ വേണമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം അവതരിപ്പിക്കാൻ. ഇടതുപക്ഷത്തിന് രസിക്കാത്ത സത്യങ്ങളും പ്രധാനമന്ത്രി പറഞ്ഞുവെന്നും അതൊന്നും പരിഭാഷക ചെയ്യപ്പെട്ടില്ലെന്നും സുരേഷ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വിവർത്തന വിവാദത്തിൽ ബിജെപി തകിടം മറയുകയാണ്.
വിവർത്തകനെ നിയോഗിച്ചത് സംസ്ഥാന സർക്കാരെന്നാണ് ബിജെപി ആദ്യം ഉന്നയിച്ചത്. എന്നാൽ തന്നെ പരിഭാഷകനായി നിയോഗിച്ചത് കേന്ദ്രസർക്കാർ ആണെന്ന് പള്ളിപ്പുറം ജയകുമാർ പ്രതികരിച്ചതിന് പിന്നാലെ ബിജെപി വാദം മാറ്റി പറയുന്ന സ്ഥിതി ഉണ്ടായി. പരിഭാഷകനെ നിയോഗിക്കുന്നത് ആരെന്ന് ബിജെപിക്ക് അറിയില്ല എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എസ്. സുരേഷിൻ്റെ പ്രതികരണം.