
ജമാഅത്തെ ഇസ്ലാമിയെ തള്ളാതെ പാണക്കാട് തങ്ങള്‍. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ഇപ്പോള്‍ തുടങ്ങിയതല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശിഹാബ് തങ്ങളുടെ കാലത്ത് രൂപീകരിച്ച മുസ്ലീം സൗഹൃദവേദി ഒന്നിച്ചുള്ള മുന്നേറ്റത്തിനുള്ള ശ്രമമായിരുന്നു. അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് വോട്ട് ചെയ്യുന്നു. അത് നിഷേധിക്കേണ്ട കാര്യമില്ലെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിലെ പ്രത്യേക അഭിമുഖത്തിലാണ് തങ്ങളുടെ പരാമര്‍ശങ്ങള്‍ .
വിവിധ വിഭാഗങ്ങൾ ഇതിനോടകം തന്നെ ജമാ അത്തെക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമസ്തയുടേയും കാന്തപുരത്തിൻ്റേയും മുഖപത്രങ്ങളായ സുപ്രഭാതവും സിറാജുമാണ് ജമാ അത്തെ ഇസ്‌ലാമിക്കെതിരെ എഡിറ്റോറിയൽ പേജിൽ ലേഖനം നൽകിയത്.പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയുന്നതിനേക്കാൾ സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജന്മനായുള്ള കറുത്ത പാടുകൾ മായ്ക്കുക എന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ലേഖനത്തിൽ വിമർശനം. മൗദൂദിയെ തള്ളുന്നവർ സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നായിരുന്നു കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ വിമർശനം.
സിപിഎമ്മിന്റെ ഭൂരിപക്ഷ എകീകരണ ശ്രമങ്ങൾ ജമാഅത്തെ ഇസ്ലാമിക്ക് സുവർണാവസരമാകുന്നുവെന്ന് എസ്എസ്എഫ് മുഖമാസിക രിസലയും വിർശനം ഉയർത്തിയിരുന്നു. സിപിഎമ്മിൽ നിന്ന് സംഘടന നേരിടുന്ന വിമർശനങ്ങൾക്ക് ഇസ്ലാമോഫോബിയ എന്ന രൂപം നൽകി ജമാഅത്തെ ഇസ്ലാമി പ്രതിരോധിക്കുന്നുവെന്നും രിസാല ലേഖനത്തിൽ പരാമർശിച്ചു.തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കും രാഷ്ട്രീയ തിരിച്ചടികള്‍ക്കും മുസ്ലീം സമുദായമാണെന്ന് കാരണമെന്ന് ആരോപിച്ച് സിപിഎം ഭൂരിപക്ഷ ഏകീകരണം നടത്തുന്നുവെന്നാണ് വിമർശനം. ഇത് ജമാഅത്തെ ഇസ്ലാമി പ്രയോജനപ്പെടുത്തുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് എതിരെയുള്ള തീവ്രവാദ ആരോപണം മാളിയേക്കൽ സുലൈമാൻ സഖാഫിയും തുടരുകയാണ്. കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർധിച്ചു. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീൻ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണെന്നുമാണ് സുലൈമാൻ സഖാഫിയുടെ ആരോപണം.
ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിന്റെ മുസ്ലീം പതിപ്പാണെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച "കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം" എന്ന പുസ്തകം ചർച്ചയായതോടെയാണ് ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ രാഷ്ട്രീയ ഇടപെടലുകളും വീണ്ടും ചർച്ചയായത്. തുടർന്ന് വിവിധ സംഘടനകൾ പ്രതികരണവുമായി എത്തുകയായിരുന്നു.