
നാല് വിദ്യാർഥിനികളുടെ ജീവനെടുത്ത പനയമ്പാടത്തെ അപകടത്തിന് പിന്നാലെ റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് പാലക്കാട് ഐഐടി തയ്യാറാക്കിയ റിപ്പോ൪ട്ട്. റോഡും അരികിലെ മണ്ണും തമ്മിൽ ഉയരവ്യത്യാസമുണ്ട്, ഇതിന് പരിഹാരം വേണം, റോഡിൽ വേഗ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം, ഒരേ ദിശയിൽ പോവുന്ന വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കണം തുടങ്ങിയ നിദേശങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഐഐടി റിപ്പോർട്ടിലെ നിർദേശങ്ങൾ:
- റോഡിൽ വേഗനിയന്ത്രണ സംവിധാനം ഏ൪പ്പെടുത്തണം
- 70കിലോമീറ്റർ വേഗത 30 കിലോമീറ്ററാക്കി ചുരുക്കണം
- ഇത് വ്യക്തമാക്കുന്ന കട്ടി കൂടിയ മാ൪ക്കുകൾ റോഡിൽ വേണം
- ഒരേ ദിശയിൽ പോവുന്ന വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കണം
- വളവുകളിൽ വശം മാറി സഞ്ചരിക്കുന്നത് ഒഴിവാക്കാൻ ഡെലിനേറ്ററുകൾ സ്ഥാപിക്കണം
- റോഡും അരികിലെ മണ്ണും തമ്മിൽ ഉയരവ്യത്യാസമുണ്ട്, ഇതിന് പരിഹാരം വേണം
വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടമേഖലയാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല, മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകും, റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും, അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ലയെന്നും നാട്ടുകാർ ആരോപിച്ചു.
കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് വ്യാഴാഴ്ചയുണ്ടായ കല്ലടിക്കോട് അപകടത്തിൽ മരിച്ചത്. ഇവർ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ കഴിഞ്ഞ ദിവസം മനപൂർവമുള്ള നരഹത്യാ കുറ്റം ചുമത്തിയിരുന്നു. വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിനിടയാക്കിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് അറിയിച്ചു.