fbwpx
പാന്‍ ഇന്ത്യന്‍ സിനിമാ ട്രെന്‍ഡ് ഒരു തട്ടിപ്പ് : അനുരാഗ് കശ്യപ്
logo

ന്യൂസ് ഡെസ്ക്

Posted : 11 May, 2025 03:00 PM

ഇന്ത്യയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെ കുറിച്ചും അനുരാഗ് പരിപാടിയില്‍ സംസാരിച്ചു. ടെലിവിഷനില്‍ വരുന്ന കണ്ടന്റുകളേക്കാള്‍ മോശമാണ് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവിടങ്ങളിലുള്ള കണ്ടന്റ് എന്ന അഭിപ്രായമാണ് അനുരാഗ് കശ്യപിനുള്ളത്

BOLLYWOOD MOVIE



സിനിമകളെ 'പാന്‍ ഇന്ത്യന്‍' എന്ന വിശേഷിപ്പിക്കുന്നത് വന്‍ തട്ടിപ്പാണെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ദ ഹിന്ദുവിന്റെ ദ ഹഡില്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അനുരാഗ് ഇതേ കുറിച്ച് പറഞ്ഞത്. ഒരു സിനിമ രാജ്യമെമ്പാടും വിജയിച്ചാല്‍ മാത്രമെ അതിനെ പാന്‍ ഇന്ത്യന്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു.

"ബാഹുബലി, കെജിഎഫ്, പുഷ്പ എന്നീ ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. അത് സിനിമാ വ്യവസായത്തില്‍ അത്തരം സിനിമകളുടെ ശൈലിയെ അനുകരിക്കാനുള്ള പ്രവണതയ്ക്ക് തുടക്കമിട്ടു. ഈ റിവേഴ്‌സ് എഞ്ചിനീയറിംഗ് തന്ത്രപരമല്ല. ചിലപ്പോള്‍ ബജറ്റും ഫീസും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും" കശ്യപ് പറഞ്ഞു.

"എന്റെ അഭിപ്രായത്തില്‍ പാന്‍ ഇന്ത്യന്‍ എന്ന വിശേഷണം വലിയ തട്ടിപ്പാണ്. ഒരു സിനിമ 3-4 വര്‍ഷമെടുത്താണ് നിര്‍മിക്കാന്‍ പോകുന്നതെന്ന് കരുതുക. അപ്പോള്‍ ഒരുപാട് പേര്‍ ആ സിനിമയിലൂടെ അതിജീവിക്കുകയും അവരുടെ ജീവിത ശൈലി അതിനെ ആശ്രയിച്ചുമിരിക്കുന്നു. സിനിമയ്‌ക്കെന്ന് പറയുന്ന പണം അതിലേക്കല്ല മുഴുവന്‍ പോകുന്നത്. ആവശ്യമില്ലാത്ത വലിയ സെറ്റുകള്‍ക്കായി ചിലര്‍ പൈസ ചിലവഴിക്കുന്നു. ആ പണത്തില്‍ നിന്ന് ഒരു ശതമാനം മാത്രമെ യഥാര്‍ത്ഥ നിര്‍മാണത്തിലേക്ക് പോകുന്നുള്ളൂ", എന്നും അനുരാഗ് വ്യക്തമാക്കി.



ALSO READ : വിവാദങ്ങള്‍ ബാധിക്കാതെ 'ബേബി ഗേള്‍'; നിവിന്‍ പോളി എത്തി, ഷൂട്ടിംഗ് പുനരാരംഭിച്ചു




പലപ്പോഴും യഥാര്‍ത്ഥത്തില്‍ വിജയിക്കുന്ന സിനിമകള്‍ക്ക് അമിത പ്രതീക്ഷയുണ്ടായിരിക്കില്ലെന്ന് 'സ്ത്രീ' എന്ന ബോളിവുഡ് ചിത്രത്തെ ഉദാഹരണമാക്കി കശ്യപ് പറഞ്ഞു. "ഉറി : ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രം വലിയ വിജയമായപ്പോള്‍ എല്ലാവരും ദേശീയത വിഷയമാക്കി സിനിമകള്‍ ചെയ്യാന്‍ ആരംഭിച്ചു. ബാഹുബലിക്ക് ശേഷവും അത്തരം സിനിമകള്‍ ചെയ്യാന്‍ ആളുകള്‍ ശ്രമിച്ചു. കെജിഎഫ് വിജയമായപ്പോള്‍ അത് അനുകരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. കഥ പറച്ചിലിന്റെ തകര്‍ച്ച ഇവിടെ നിന്നാണ് ആരംഭിക്കുന്നത്", കശ്യപ് പറഞ്ഞു.

എസ് എസ് രാജമൗലിയെ കുറിച്ചും അനുരാഗ് കശ്യപ് പരിപാടിയില്‍ സംസാരിച്ചു. രാജമൗലിയുടെ ആരാധകവൃന്ദം 2012ലെ 'ഈഗ' എന്ന ചിത്രം മുതലെ വളര്‍ന്ന് തുടങ്ങിയതാണെന്നും 'പാരസൈറ്റ്' എന്ന ചിത്രത്തിന് ഓസ്‌കാര്‍ ലഭിച്ച ബോങ് ജൂണ്‍ ഹോ എന്ന സൗത്ത് കൊറിയന്‍ സംവിധായകനുമായി അദ്ദേഹത്തെ കശ്യപ് താരതമ്യം ചെയ്യുകയും ചെയ്തു.

"ആര്‍ആര്‍ആര്‍ റിലീസ് ചെയ്യുന്നതിന് വളരെ മുന്‍പ് തന്നെ ആ ചിത്രം ഇന്ത്യയ്ക്ക് പുറത്ത് വലിയ വിജയമാകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ രാജമൗലിയെ കുറിച്ച് കൂടുതല്‍ പറയാന്‍ എന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവരില്‍ രണ്ട് പേര്‍ മുംബൈയില്‍ എത്തി ആര്‍ആര്‍ആറിന്റെ സെറ്റ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു", അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെ കുറിച്ചും അനുരാഗ് പരിപാടിയില്‍ സംസാരിച്ചു. ടെലിവിഷനില്‍ വരുന്ന കണ്ടന്റുകളേക്കാള്‍ മോശമാണ് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവിടങ്ങളിലുള്ള കണ്ടന്റ് എന്ന അഭിപ്രായമാണ് അനുരാഗ് കശ്യപിനുള്ളത്. കൊവിഡിന് ശേഷം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ വിവേകപൂര്‍ണ്ണമായ കണ്ടന്റുകളെ പിന്തുണയ്ക്കുന്നത് നിര്‍ത്തി എന്നും കശ്യപ് പറഞ്ഞു.

KERALA
വീണ്ടും പൊലീസിൻ്റെ ക്രൂരത; കള്ളക്കേസിൽ കുടുക്കി അതിക്രൂരമായി മർദിച്ചു, മാറനല്ലൂർ പൊലീസിനെതിരെ പരാതിയുമായി യുവാക്കൾ
Also Read
user
Share This

Popular

KERALA
KERALA
മലയോര കർഷകന്‍റെ പുത്രൻ കെപിസിസി അധ്യക്ഷനായിരിക്കുന്നു, ടീമിൽ സമ്പൂർണ വിശ്വാസം: എ.കെ. ആന്‍റണി