
പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കലഞ്ഞൂര്‍ സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ശിവപ്രസാദിനെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം.
ഒരുമിച്ച് ഇരുന്ന് മദ്യപിച്ച ശേഷമുണ്ടായ വാക്കുതര്‍ക്കം. കൊല്ലപ്പെട്ട മനു പ്രതിയായ ശിവപ്രസാദിന്റെ ശരീരത്തില്‍ കടിച്ചു. ഇതോടെ അക്രമാസക്തനായ ശിവപ്രസാദ് മനുവിനെ മര്‍ദ്ദിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തു. വീഴ്ചയില്‍ തലക്ക് ഉണ്ടായ അടിയാണ് മരണ കാരണം.
ഏഴാം ക്ലാസ്സ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ് കൊല്ലപ്പെട്ട മനുവും പ്രതിയായ ശിവപ്രസാദും. മുന്‍വൈരാഗ്യം ഒന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മനുവിന്റെയും പ്രതി ശിവപ്രസാദിന്റെയും ശരീരത്തില്‍ മുറിവുകളുണ്ട്. കേസില്‍ ശിവപ്രസാദ് മാത്രം പ്രതിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശിവപ്രസാദിന്റെ വീട്ടില്‍ വര്‍ക്ക്‌ഷോപ്പ് പണിയുന്നതിനായി മനുവിനെ വിളിച്ചുവരുത്തുകയായിരുന്നു. ശേഷമാണ് മദ്യപാനവും വാക്കുതര്‍ക്കവും ഉണ്ടായത്. ശിവപ്രസാദ് തന്നെ പഞ്ചായത്ത് മെമ്പറെയും മറ്റുള്ളവരെയും വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഒളിവില്‍ പോയ ശിവപ്രസാദിനെ കുമ്പഴയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും.