fbwpx
കോഴ വിവാദം ആരും ഇപ്പോൾ ചർച്ച ചെയ്യരുത്, നിർദേശം മറികടക്കുന്നവർ പാർട്ടിക്ക് പുറത്ത് പോകേണ്ടിവരും: പി.സി. ചാക്കോ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Oct, 2024 11:46 AM

ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രി വേണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പി.സി. ചാക്കോ വ്യക്തമാക്കി

KERALA


പാർട്ടിക്കെതിരെ ഉയർന്ന കൂറുമാറ്റ കോഴ വിവാദത്തിൽ നിലപാട് കടുപ്പിച്ച് എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോ. വിഷയം ആരും ഇപ്പോൾ ചർച്ച ചെയ്യരുതെന്നും ഈ നിർദേശം മറികടക്കുന്നവർ പാർട്ടിക്ക് പുറത്തു പോകേണ്ടിവരുമെന്നും പി.സി. ചാക്കോ താക്കീത് നൽകി. കൂടാതെ ശശീന്ദ്രനോട് മന്ത്രിസ്ഥാനം ഒഴിഞ്ഞ് തോമസ് കെ. തോമസിന് നൽകാനും ഇദ്ദേഹം നിർദേശം നൽകി. പാർട്ടി നിർദേശം അനുസരിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രി സ്ഥാനം വേണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പി.സി. ചാക്കോ വ്യക്തമാക്കി. താനോ തൻ്റെ പാർട്ടിയോ ഇടതുമുന്നണിക്ക് ദോഷം വരുന്ന ഒരു കാര്യവും ചെയ്യില്ലെന്നും പി.സി. ചാക്കോ നേരത്തെ പ്രതികരിച്ചിരുന്നു.

ALSO READ: "100 കോടി വാഗ്ദാനം നൽകി, എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചു"; തോമസ് കെ. തോമസിനെതിരെ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

പൊലീസ് അന്വേഷണം ആവശ്യപ്പെട്ട തോമസ് കെ. തോമസ് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. ആലപ്പുഴയിൽ വെച്ച് പരാതി നൽകും. തൻ്റേയും ആൻ്റണി രാജുവിൻ്റെയും ഫോണുകൾ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് തോമസ് കെ. തോമസ് പരാതിപ്പെടും. കോഴയാരോപണം സംസ്ഥാന ഘടകം ശരദ് പവാറിനെ അറിയിച്ചിരുന്നു.

എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ 100 കോടി വാഗ്ദാനം ചെയ്തുവെന്നാണ് എൻസിപിക്കെതിരെ ഉയർന്നുവന്ന പ്രധാന ആരോപണം. എൻസിപി എംഎൽഎയായ തോമസ് കെ. തോമസാണ് ആരോപണവിധേയനായ നേതാവ്. ഇതാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നിഷേധിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചിരുന്നു.

ആൻ്റണി രാജുവിനും (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോനും (ആർഎസ്‌പി) ആയിരുന്നു തോമസ് കെ. തോമസ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തത്. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ മറുപടി നൽകിയത്.

ALSO READ: മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല; കോഴ വാഗ്‌ദാനം നിഷേധിക്കാതെ ആൻ്റണി രാജു


അതേസമയം, കോഴ വാഗ്ദാനം ചെയ്ത് രണ്ട് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന വാർത്ത തോമസ് കെ.തോമസ് നിഷേധിച്ചു. അജിത് പവാറുമായി തനിക്ക് ഒരു ബന്ധവുമില്ല. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ആൻ്റണി രാജുവിൻ്റെ കുബുദ്ധിയാണ്. കുട്ടനാട് സീറ്റിൽ നേരത്തെ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസിന് വേണ്ടി ആൻ്റണി രാജു കളിക്കുന്ന കളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പായിരുന്നു. ആൻ്റണി രാജു വന്ന അന്നുമുതൽ ഗ്രൂപ്പ് തല്ലിപ്പിരിഞ്ഞുവെന്നും തോമസ് കെ. തോമസ് വിമർശിച്ചു. ഇതിനു പിന്നാലെ ആരോപണം പൂർണമായി നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കി കൊണ്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു.

പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എൽഡിഎഫിൽ നടക്കില്ലെന്നായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ പ്രതികരണം. എൽഡിഎഫിൻ്റെ എംഎൽഎമാർ ആരും അങ്ങനെ ചെയ്യുന്നവരല്ല. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ സാധിക്കില്ല. ഇത് സമ്പന്നരുടെ പ്രസ്ഥാനമല്ല. ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരള കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യമായ തീയതിയിൽ അത് പാലിക്കപ്പെട്ടു. അതിന് ഒരു സ്വാധീനത്തിൻ്റേയും ആവശ്യമില്ല. പണം നൽകി എന്തും വാങ്ങാമെന്ന് കരുതുന്നവർക്ക് അങ്ങനെയൊക്കെ തോന്നും. എൽഡിഎഫ് അങ്ങനെ ചെയ്യുന്ന ടീമല്ല. അങ്ങനെ കരുതുന്നവർക്കാണ് നാണക്കേടെന്നും കെ.ബി.ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ALSO READ: കോഴയിൽ കുരുങ്ങി; അഭിപ്രായം പറയേണ്ടത് എൻസിപിയെന്ന് എൽഡിഎഫ് കൺവീനർ, ആരോപണം നിഷേധിച്ച് നേതൃത്വം

കോഴ ആരോപണം ഗൗരവമുള്ളതാണെന്നും വസ്തുതയുണ്ടെങ്കിൽ ആരോപണ വിധേയർക്ക് എൽഡിഎഫിൽ തുടരാൻ യോഗ്യതയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പ്രതികരിച്ചു. "കാളച്ചന്തയിലെ കാളകളെപ്പോലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണ്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കുതിരക്കച്ചവട രാഷ്ട്രീയം നിലവിലുണ്ട്. അത് കേരളത്തിലേക്കും വരുന്നുവെന്നത് ഗൗരവതരമാണ്. കുതിരക്കച്ചവടം ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണ്. ആരോപണത്തിൽ അന്വേഷണം വേണം. അന്വേഷണം സത്യത്തിൻ്റെ വഴിയെ പോകണം," ബിനോയ്‌ വിശ്വം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണം എൻസിപി നേതാവും എംഎൽഎയുമായ ആൻ്റണി രാജു നിഷേധിച്ചില്ല. തോമസ് കെ. തോമസ് വാർത്ത നിഷേധിക്കുന്നതിനു പകരം നടത്തിയത് അപക്വമായ പ്രസ്താവനകളാണ്. തൻ്റെ പാർട്ടി പ്രലോഭനത്തിൽ വീഴുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരല്ല. പാർട്ടി കുട്ടനാട്ടിൽ ഒരിക്കലും മത്സരിച്ചിട്ടില്ലെന്നും ആൻ്റണി രാജു പറഞ്ഞു. പരസ്പരവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് തനിക്കെതിരെ നടത്തുന്നതെന്നായിരുന്നു ആൻ്റണി രാജുവിൻ്റെ പ്രതികരണം.

ALSO READ: കോഴ വിവാദം: എൻസിപിയിൽ പോര് മുറുകുന്നു; പി.സി. ചാക്കോയുടെ മൗനത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം പ്രവർത്തകർ

"അന്വേഷണം വന്നാൽ സഹകരിക്കും, ഒളിച്ചോടേണ്ട കാര്യമില്ല. തനിക്കറിയാവുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. താൻ വിചാരിച്ചാൽ തെറ്റിധരിപ്പിക്കപ്പെടുന്ന ആളാണോ മുഖ്യമന്ത്രി. വാർത്തയിൽ പറഞ്ഞത് എല്ലാം ശരിയാണെന്ന് താൻ പറഞ്ഞിട്ടില്ല," ആൻ്റണി രാജു കൂട്ടിച്ചേർത്തു.

"ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് കിട്ടാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍. 100 കോടി രൂപ നൽകി രണ്ട് എംഎൽഎമാരെ വാങ്ങിയിട്ട് ഞാൻ എന്തു ചെയ്യാൻ. പറയുമ്പോൾ ഒരു മര്യാദയുള്ള തുകയൊക്കെ വേണ്ടേ പറയാൻ," എന്നാണ് തോമസ് കെ. തോമസിൻ്റെ പ്രതികരണം. 


WORLD
വിമതർ അധികാരമേറ്റെടുത്ത ആഘോഷത്തിൽ സിറിയ; രാജ്യമുപേക്ഷിക്കാനൊരുങ്ങി ന്യൂനപക്ഷങ്ങൾ
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ