fbwpx
കുട്ടികളാണ്, ന്യുമോണിയ വരാതെ നോക്കാം
logo

ന്യൂസ് ഡെസ്ക്

Posted : 14 Nov, 2024 10:37 PM

കുട്ടികള്‍ക്ക് ന്യൂമോകോക്കല്‍ അണുബാധക്കെതിരെയുള്ള (ഏറ്റവും അപകടകാരിയായ ന്യൂമോണിയ) വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്

KERALA


ശ്വാസകോശത്തിലെ വായു സഞ്ചികള്‍ക്ക് കേടുവരുത്തുന്ന അണുബാധയാണ് ന്യുമോണിയ, ശ്വാസകോശത്തില്‍ ഫ്ളൂയിഡ് അല്ലെങ്കില്‍ പഴുപ്പ് കെട്ടിക്കിടക്കുന്നതിന് ഇത് കാരണമാകുന്നു. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഈ രോഗാവസ്ഥ മരണത്തിലേക്ക് വരെ നയിച്ചേക്കാം. ബാക്ടീരിയ, വൈറസ് അല്ലെങ്കില്‍ ഫംഗസ് എന്നിവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നതിലൂടെയാണ് ന്യുമോണിയ ഉണ്ടാകുന്നത്.

കൃത്യ സമയത്തുള്ള ചികിത്സയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് രോഗം വരാതെ പ്രതിരോധിക്കുന്നതും. എന്തുകൊണ്ടാണ് ന്യുമോണിയ ഒരു കൊലയാളി രോഗമായി മാറുന്നത്? ആരംഭഘട്ടത്തില്‍ത്തന്നെ തിരിച്ചറിയുവാന്‍ സാധിച്ചില്ലെങ്കില്‍ രോഗം വളരെ വേഗത്തില്‍ മൂര്‍ച്ഛിക്കുവാനിടയാകും. രോഗിയുടെ ശ്വാസകോശത്തില്‍ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുകയും ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായിത്തീരുകയും ചെയ്യും. പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗവ്യാപന തോതും മരണനിരക്കും ഉയരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്. പ്രത്യേകിച്ച് കുട്ടികളിലുണ്ടാകുന്ന ന്യൂമോണിയ ഭൂരിഭാഗവും തടയാന്‍ സാധിക്കുന്നവയാണ്.

ന്യൂമോണിയ തടയാനുള്ള പ്രധാനപ്പെട്ട മാര്‍ഗങ്ങള്‍ എന്തൊക്കെ?

ഒന്നാമതായി, കുട്ടികള്‍ക്ക് ന്യൂമോകോക്കല്‍ അണുബാധക്കെതിരെയുള്ള (ഏറ്റവും അപകടകാരിയായ ന്യൂമോണിയ) വാക്സിനേഷന്‍ നല്‍കുക. സാധാരണയായി 6 ആഴ്ച, 10 ആഴ്ച, 14 ആഴ്ച പ്രായത്തിലും പിന്നീട് ഒന്നര വയസിലുമാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക.


ALSO READ: 'തടസങ്ങൾ തകർക്കുക, വിടവുകൾ നികത്തുക'; ഇന്ന് ലോക പ്രമേഹ ദിനം


കൃത്യമായി വാക്‌സിനുകള്‍ എടുക്കാന്‍ കഴിയാത്തവര്‍ വാക്സിനേഷന്‍ ഷെഡ്യൂള്‍ പുനഃക്രമീകരിക്കുന്നതിന് ഒരു പീഡിയാട്രിഷനെ അടിയന്തിരമായി സമീപിക്കുക.

ഇന്‍ഫ്ളുവന്‍സ എ, ബി എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന വാര്‍ഷിക വാക്സിനേഷനായ ഇന്‍ഫ്ളുവന്‍സ പ്രതിരോധ കുത്തിവയ്പ്പ് കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. 9 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഒരു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ നല്‍കണം (ആദ്യമായി എടുക്കുന്നവര്‍ക്ക്). 9 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു ഡോസും പിന്നീട് വര്‍ഷാവര്‍ഷമുള്ള ഡോസുകളും തുടരുക.

ഉയര്‍ന്ന പനി, കടുത്ത ചുമ, ശ്വാസം എടുക്കുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാവുന്ന നെഞ്ചുവേദന, ശ്വാസതടസ്സം, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ പ്രാരംഭ ഘട്ട ലക്ഷണങ്ങളില്‍ത്തന്നെ കൃത്യമായ ചികിത്സ തേടുവാന്‍ സാധിച്ചാല്‍ രോഗം വേഗത്തില്‍ ഭേദമാക്കാന്‍ കഴിയും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സയെ ആശ്രയിക്കാതെ നേരത്തെ തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടുക. ന്യൂമോണിയ രോഗികള്‍ പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കുക. ധാരാളം വെള്ളം കുടിക്കുക. ഒപ്പം മതിയായ വിശ്രമം, നല്ല ഉറക്കം എന്നിവയിലൂടെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

ന്യൂമോണിയബാധയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പൊതുജനങ്ങള്‍ക്ക്. പ്രത്യേകിച്ച് രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കുക എന്നത് പൊതു-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കടമയാണ്.

സ്‌കൂള്‍ പ്രവേശനത്തിന്റെ സമയത്ത് എല്ലാ കുട്ടികള്‍ക്കും അതതു പ്രായത്തില്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായിട്ടുള്ള പ്രോട്ടോകോളുകള്‍ നടപ്പില്‍വരുത്തുക. രക്ഷിതാക്കളിലും സ്‌കൂള്‍ അധികാരികളിലും ഉത്തരവാദിത്തബോധം സൃഷ്ടിക്കുവാന്‍ അതിലൂടെ സാധിക്കും. ഇത്തരത്തില്‍ കൃത്യമായ മുന്‍കരുതലുകളിലൂടെ നമുക്ക് ന്യുമോണിയയെ എളുപ്പത്തില്‍ തടയാനാകും.


ഡോ. പ്രമീള ജോജി

മെഡിക്കല്‍ സൂപ്രണ്ട് & സീനിയര്‍ കണ്‍സള്‍ട്ടന്റ്
പീഡിയാട്രിക് എമര്‍ജന്‍സി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം
കിംസ്ഹെല്‍ത്ത് തിരുവനന്തപുരം

KERALA
SSLC പരീക്ഷാ ഫലം ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട് മൂന്ന് മണിക്ക്
Also Read
user
Share This

Popular

KERALA
KERALA
ഇന്ത്യ-പാക് സംഘർഷം: അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്ക് സഹായം; കൺട്രോൾ റൂം തുറന്ന് കേരളം