ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രമേഹരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
ഇന്ന് ലോക പ്രമേഹദിനം. പ്രമേഹം അഥവാ ഡയബറ്റിസ് രോഗമുള്ള ഒരാളെങ്കിലും അറിയാത്ത ആരുമുണ്ടാവില്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രമേഹരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ രോഗത്തെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനാണ് വർഷം തോറും നവംബർ 14 ന് ലോക പ്രമേഹ ദിനം ആചരിക്കുന്നത്. 'തടസങ്ങൾ തകർക്കുക, വിടവുകൾ നികത്തുക' (Breaking Barriers, Bridging Gaps) എന്നാണ് ഈ വർഷത്തെ പ്രമേഹദിന പ്രമേയം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ഗ്രന്ഥി ആവശ്യത്തിനുള്ള ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുമ്പോഴോ, ഇൻസുലിനോട് ഫലപ്രദമായി പ്രതികരിക്കുന്നതിൽ ശരീരം പരാജയപ്പെടുമ്പോഴോ ആണ് പ്രമേഹം ഉണ്ടാവുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ടൈപ്പ് വൺ, ടു, പ്രീ ഡയബറ്റീസ് എന്നിങ്ങനെ പല തരത്തിലുള്ള പ്രമേഹങ്ങളുണ്ട്. ചില പ്രമേഹം മരുന്നുകളും ജീവിതശൈലി ക്രമീകരണങ്ങളും കൊണ്ട് നിയന്ത്രിക്കാനാകുമെങ്കിലും മറ്റുള്ളവ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഇന്ത്യയിലെ പ്രമേഹരോഗികൾ
ലോക പ്രമേഹ ദിനത്തിൽ ലാൻസെറ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിലെ പ്രമേഹബാധിതരിൽ നാലിലൊന്ന് പേർ ഇന്ത്യയിലാണ്. അതായത് 828 ദശലക്ഷം പ്രമേഹരോഗികളിൽ 212 ദശലക്ഷം പേരും ഇന്ത്യയിലാണ്. 2022 വരെയുള്ള കണക്കുകൾ പ്രകാരം ചൈന (148 ദശലക്ഷം), യുഎസ് (42 ദശലക്ഷം), പാകിസ്ഥാൻ (36 ദശലക്ഷം), ഇന്തോനേഷ്യ (25 ദശലക്ഷം), ബ്രസീൽ (22 ദശലക്ഷം) എന്നിവയാണ് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള മറ്റ് രാജ്യങ്ങൾ.
ALSO READ: ഏഷ്യൻ ബേബി ഫുഡിൽ മറഞ്ഞിരിക്കുന്ന പഞ്ചസാര ആശങ്കകൾക്ക് വഴിവെക്കുന്നു; റിപ്പോർട്ട്
മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ്റെ പ്രസിഡൻ്റും ലാൻസെറ്റ് പഠനത്തിൽ പങ്കാളിയുമായ ഡോ.ആർ.എം. അഞ്ജന ഇന്ത്യയിലെ പ്രമേഹ വർധനവിനെ വിശദീകരിക്കുന്നതിങ്ങനെയാണ്-"വിളർച്ച, രക്തത്തിലെ തകരാറുകൾ, ചില മരുന്നുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പ്രമേഹത്തെ സ്വാധീനിക്കും. സാധാരണയായി ഗ്ലൂക്കോസ് ടോളറൻസ് ഉള്ളവരിലും, അനീമിയ ഉള്ളവരിലും പ്രമേഹം തെറ്റായി നിർണയിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ഡയബറ്റോളജിസ്റ്റ് സി. എസ്.യാജ്‌നിക്ക് പറയുന്നു. അതിനാൽ വിളർച്ചയും അയേൺ ഡെഫിഷ്യൻസിയും വ്യാപകമായ രാജ്യങ്ങളിൽ പ്രമേഹരോഗം കൂടുതലായിരിക്കും,".
മാറുന്ന ഭക്ഷണശീലങ്ങൾ
എന്നാൽ ജനിതക കാരണങ്ങളാൽ മാത്രമല്ല, മോശം ജീവിതശൈലിയുടെ അനന്തരഫലം കൂടിയാണ് പ്രമേഹം. മാറുന്ന ഭക്ഷണശീലങ്ങൾ പ്രമേഹത്തിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൃത്രിമ മധുരപലഹാരങ്ങളിലേക്കും ഉയർന്ന കലോറിയുള്ള ലഘുഭക്ഷണങ്ങളിലേക്കുമുള്ള മാറ്റമാണ് ഉയരുന്ന പ്രമേഹത്തിന് പ്രധാന കാരണം. പഞ്ചസാരയ്ക്ക് പകരമായി കൃത്രിമ മധുരപലഹാരങ്ങൾ കഴിക്കാമെന്ന പൊതുവായ തെറ്റിദ്ധാരണയുണ്ട്. ഡയറ്റ് സോഡ, ലഘുഭക്ഷണങ്ങൾ, കലോറി കുറവുള്ള ഭക്ഷണങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന പോഷകമില്ലാത്ത കൃത്രിമ പഞ്ചസാര പ്രമേഹരോഗികൾക്ക് നല്ലതാണ് എന്ന നിലയിലാണ് വിപണിയിലെത്തുന്നത്.
ALSO READ: "ചീസ്, ലോകത്തിൽ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട ഭക്ഷണം"
പക്ഷേ കൃത്രിമ മധുരം കൊണ്ട് നിർമിക്കുന്ന പലഹാരങ്ങൾ ഇൻസുലിൻ സംവേദനക്ഷമതയെ പരോക്ഷമായി സ്വാധീനിച്ചേക്കാമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃത്രിമ പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നേരിട്ട് ഉയർത്തുന്നില്ലെങ്കിലും, ഇത് ഇൻസുലിൻ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കുടൽ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
എങ്ങനെ നിയന്ത്രിക്കാം
പാരമ്പര്യമായുള്ള പ്രമേഹം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പോലും ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നീ അസുഖങ്ങളിലെ അപകടസാധ്യത കുറയ്ക്കാനായി ചില മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും.
• ആരോഗ്യകരമായ ഭക്ഷണക്രമം: ധാരാളം പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതവും, പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
• വ്യായാമം: പതിവായുള്ള വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.
• സ്ട്രെസ് മാനേജ്മെൻ്റ്: വിട്ടുമാറാത്ത സമ്മർദ്ദം ഇൻസുലിൻ സംവേദനക്ഷമതയെ ബാധിക്കും, അതിനാൽ പ്രമേഹം നിയന്ത്രിക്കാൻ,സമ്മർദ്ദം നിയന്ത്രിക്കുന്നത്
അത്യന്താപേക്ഷിതമാണ്.
• മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക: അമിതമായ മദ്യപാനം രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ സംവേദനക്ഷമതയും തടസ്സപ്പെടുത്തും. മദ്യം ഉപേക്ഷിക്കുന്നതാണ് പ്രമേഹരോഗികൾക്ക് ഉത്തമം. പുകവലി ടൈപ്പ് 2 പ്രമേഹത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു.
• മതിയായ ഉറക്കം: ഉറക്കം കുറയുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും, അതിനാൽ വേണ്ടത്ര വിശ്രമം പ്രമേഹ പ്രതിരോധത്തിന് പ്രധാനമാണ്.