
പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കോട്ടയം നഗരസഭയിൽ പെൻഷൻ വിതരണം മുടങ്ങി. എന്നാൽ നഗരസഭയിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ വഴി പെൻഷൻ തുക വിതരണം ചെയ്തിരുന്നതായുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്. നഗരസഭയിൽ കഴിഞ്ഞ ദിവസം മസ്റ്ററിങ് പൂർത്തിയാക്കിയത് 360 പേരാണ്. അതേസമയം അവസാനമായി പെൻഷൻ എത്തിയത് 416 അക്കൗണ്ടുകളിലേക്കാണ്. 56 പേർ അധികമായി പെൻഷൻ വാങ്ങിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത് വ്യാജ അക്കൗണ്ടുകൾ ആണോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന ഓഡിറ്റ് വിഭാഗവും നഗരസഭയിൽ എത്തി പരിശോധന നടത്തിയിരുന്നു. അതേസമയം 3 കോടി പെൻഷൻ ഫണ്ട് തട്ടിപ്പ് കേസ് പുറത്തുവന്നതോടെ നഗരസഭയിലെ പെൻഷൻ വിതരണവും നിലച്ചു. ഓണക്കാലമായിട്ടും പെൻഷൻ ലഭിക്കാതെ പ്രതിസന്ധിയിലാണ് ഗുണഭോക്താക്കൾ. സംഭവത്തിൽ മുൻ ജീവനക്കാരനായ അഖിൽ സി വർഗീസ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
കോട്ടയം നഗരസഭയിൽ ജോലി ചെയ്യവെയാണ് ക്ലർക്കായ അഖിൽ കുടുംബ പെൻഷൻ തുക സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. നഗരസഭയുടെ പരിശോധനയിൽ ഫണ്ട് തട്ടിയെടുത്തതായി ബോധ്യപ്പെട്ടതോടെ അഖിലിനെ ജോലിയിൽ നിന്ന് സസ്‌പൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും അഖിൽ സി. വർഗീസ് കാണാമറയത്ത് തുടരുകയാണ്. ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസിനും, പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് എട്ടിന് തമിഴ്നാട്ടിൽ എത്തിയതായി മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഏക വിവരം. പ്രതിയെ പിടികൂടാനാവാത്തത് രാഷ്ട്രീയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ കണ്ടെത്താനായില്ല. പ്രതി രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2020 മുതൽ 2023 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്.