"ജനങ്ങൾക്ക് ഇരക്കുന്ന സ്വഭാവം, നേതാക്കളെ കാണാനെത്തുന്നത് കുട്ട നിറയെ പരാതിയുമായി"; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി

മന്ത്രിയുടെ പരാമർശം സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജീതു പട്വാരി വിമർശിച്ചു
"ജനങ്ങൾക്ക് ഇരക്കുന്ന സ്വഭാവം, നേതാക്കളെ കാണാനെത്തുന്നത് കുട്ട നിറയെ പരാതിയുമായി"; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി
Published on

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് പട്ടേലിൻ്റെ പ്രസ്താവന വിവാദത്തിൽ. ജനങ്ങൾക്ക് ഇരക്കുന്ന സ്വഭാവം, നേതാക്കളെ കാണാനെത്തുന്നത് കുട്ട നിറയെ പരാതിയുമായാണെന്നുമുള്ള പ്രഹ്ലാദ് പട്ടേലിൻ്റെ പ്രസ്താവനയ്ക്കെതിരെയാണ് ഇപ്പോൾ പ്രതിഷേധമുയരുന്നത്. മധ്യ പ്രദേശ് രാജ്ഗഢ് ജില്ലയിൽ റാണി അവന്തിബായ് ലോധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രഹ്ലാദ് പട്ടേലിൻ്റെ വിവാദ പ്രസ്താവന.

"ജനങ്ങൾക്ക് ഇപ്പോൾ സർക്കാരിനോട് യാചിക്കുന്ന സ്വഭാവമാണ്. നേതാക്കൾ വരുമ്പോൾ കുട്ട നിറയെ പരാതികളുമായാണ് ജനങ്ങളെത്തുക. വേദിയിൽ നേതാക്കൾക്ക് പൂച്ചെണ്ടിനും ഹാരത്തിനുമൊപ്പം കത്തും നൽകും. ഇതൊരു നല്ല ശീലമല്ല. ചോദിക്കുന്നതിനു പകരം കൊടുക്കാനുള്ള മനസ് വളർത്തിയെടുക്കുക. ഇത് സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുമെന്നും സംസ്‌കൃതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു," പ്രതിമ അനാച്ഛാദന ചടങ്ങിൽ പ്രഹ്ലാദ് പട്ടേൽ പറഞ്ഞു. സൗജന്യങ്ങളോടുള്ള അമിതമായ ആശ്രിതത്വം സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുപകരം ദുർബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

"യാചകരുടെ ഈ സൈന്യം സമൂഹത്തെ കൂടുതൽ ശക്തമാക്കുന്നില്ല, എന്നാൽ ദുർബലമാക്കുകയാണ്. വെറുതെ ലഭിക്കുന്നവയോടുള്ള ആകർഷണം ധീരരായ സ്ത്രീകളോടുള്ള ആദരവിൻ്റെ അടയാളമല്ല.ഒരു രക്തസാക്ഷിയെ ആദരിക്കുന്നത് അവരുടെ മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുമ്പോഴാണ്. ഭിക്ഷ യാചിച്ച ഒരു രക്തസാക്ഷിയുടെ പേര് പറയാമോ? ഒരു നർമദ പരിക്രമ തീർഥാടകൻ എന്ന നിലയിൽ, ഞാൻ ഭിക്ഷ ചോദിക്കുന്നു - പക്ഷേ ഒരിക്കലും എനിക്കായിട്ടല്ല. പ്രഹ്ലാദ് പട്ടേലിന് ഒന്നും നൽകിയെന്ന് ആർക്കും പറയാനാകില്ല," പ്രഹ്ലാദ് പട്ടേൽ പറഞ്ഞു.

പട്ടേലിൻ്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്. മന്ത്രിയുടെ പരാമർശം സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജീതു പട്വാരി വിമർശിച്ചു. "ബിജെപിയുടെ ധാർഷ്ട്യം ഇപ്പോൾ പൊതുജനങ്ങളെ ഭിക്ഷാടകർ എന്ന് വിളിക്കുന്ന തരത്തിൽ എത്തിയിരിക്കുന്നു. ഇത് കഷ്ടപ്പാടുകളോട് മല്ലിടുന്നവരുടെ പ്രതീക്ഷകൾക്കും കണ്ണീരിനും അപമാനമാണ്. അവർ തെരഞ്ഞെടുപ്പിന് മുമ്പ് വ്യാജ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് അത് വിസമ്മതിക്കുകയും ചെയ്യുന്നു. പിന്നീട് ജനങ്ങൾ അത് ആവശ്യപ്പെടുമ്പോൾ അവരെ യാചകരെന്ന് വിളിക്കുന്നു. അടുത്ത് തന്നെ ഇവർ വോട്ടിന് വേണ്ടി യാചിച്ച് ജനങ്ങൾക്കരികിൽ എത്തുമെന്ന് ജനങ്ങൾ ഓർക്കണം," ജീതു പട്വാരി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com