
ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ശാസ്ത്രീയമായ തെളുവുകളുടെ ബലത്തിലാണ് അമ്പലമുക്ക് വിനീത കൊലപാതകത്തില്‍ പ്രതിയായ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പഴുതടച്ച അന്വേഷണവും പ്രോസിക്യൂഷന്റെ വാദങ്ങളും അംഗീകരിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് വിധിച്ചു. ഈ മാസം 21ന് ശിക്ഷ പ്രഖ്യാപിക്കും.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കഴുത്തിന് പിന്നില്‍ കുത്തി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. നാലരപ്പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സമയത്തു നടന്ന കൊലപാതകത്തിന്റെ അന്വേഷണം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിയുടെ സഞ്ചാരപാത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് സഹായമായത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്.
സമാന രീതിയില്‍ തമിഴ്നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയായിരുന്നു രാജേന്ദ്രന്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണു പ്രതി വിനീതയെ കൊലപ്പെടുത്തിയത്.
കന്യാകുമാരി കളക്ടറോട് അടക്കം രാജേന്ദ്രനെ കുറിച്ച് 7 റിപ്പോര്‍ട്ടുകള്‍ കോടതി തേടിയിട്ടുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിന് വേണ്ടിയാണ് കന്യാകുമാരി, തിരുവനന്തപുരം കളക്ടര്‍മാരുടെ അടക്കമുള്ള 7 റിപ്പോര്‍ട്ടുകള്‍ തേടിയത്. സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, കന്യാകുമാരി തിരുവനന്തപുരം ജയില്‍ സൂപ്രണ്ടുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കന്യാകുമാരി ജില്ലാ പ്രൊബേഷണറി ഓഫീസര്‍ എന്നിവരും ഏഴു ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ ആണ് നിര്‍ദ്ദേശം. കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് വിനീതയുടെ മാതാപിതാക്കള്‍..
പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിനീതയുടെ മാതാപിതാക്കളും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പ്രതികരിച്ചു.