പേരൂർക്കട വിനീത കൊലക്കേസ്:"അഭിഭാഷകനാകണം, പാവപ്പെട്ടവർക്ക് നിയമ സഹായം ചെയ്യണം"; കോടതിയിൽ വിചിത്ര വാദങ്ങളുന്നയിച്ച് പ്രതി

ഉയർന്ന കോടതികളിൽ താൻ നിരപരാധി ആണെന്ന് തെളിയുമെന്നും പ്രതി വാദിച്ചു
പേരൂർക്കട വിനീത കൊലക്കേസ്:"അഭിഭാഷകനാകണം, പാവപ്പെട്ടവർക്ക് നിയമ സഹായം ചെയ്യണം"; കോടതിയിൽ വിചിത്ര വാദങ്ങളുന്നയിച്ച് പ്രതി
Published on

വിനീത കൊലക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ കോടതിയിൽ ഉന്നയിച്ചത് വിചിത്ര വാദങ്ങൾ. തനിക്ക് അഭിഭാഷകൻ ആകണമെന്നായിരുന്നു രാജേന്ദ്രൻ്റെ വാദം. തെറ്റ് ചെയ്യാത്തതിനാൽ പശ്ചാത്താപമില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും.

എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടോ എന്ന ചോദ്യത്തിനോടായിരുന്നു രാജേന്ദ്രൻ്റെ വിചിത്ര വാദങ്ങൾ. താൻ പാവപ്പെട്ട കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. എയ്‌ഡ്‌സ് രോഗികളെ ശുശ്രൂഷിച്ചിട്ടുണ്ട്. പാവപ്പെട്ടവർക്ക് നിയമ സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇതിനായി അഭിഭാഷകനാകണം. 70 വയസുള്ള അമ്മയെ സഹോദരനും സഹോദരിയും സഹായിക്കില്ലെന്നും അമ്മയെ താൻ തന്നെ സംരക്ഷിക്കണമെന്നും പ്രതി പറയുന്നു. പൊലീസ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തതാണ്. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതികളിൽ താൻ നിരപരാധി ആണെന്ന് തെളിയും. തെറ്റ് ചെയ്യാത്തതുകൊണ്ട് പശ്ചാത്താപമില്ല. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് തന്നെ ശിക്ഷിക്കാമെന്നും പ്രതി രാജേന്ദ്രൻ കോടതിയിൽ പറഞ്ഞു.

എന്നാൽ സീരിയൽ കില്ലറായ പ്രതിയിൽ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഏക മാർഗം വധശിക്ഷയാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. കൊടും കുറ്റവാളിയായ രാജേന്ദ്രൻ സമൂഹത്തിന് ഭീഷണിയാണ്. കവർച്ചയ്ക്കിടെ തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് പ്രതി ദാരുണമായി കൊലപ്പെടുത്തിയത്. പ്രതി കൊല ചെയ്ത നാലുപേരിൽ മൂന്നു പേരും സ്ത്രീകളാണ്. പ്രതിയ്ക്ക് ജീവപര്യന്തം ലഭിച്ചാൽ ഭാവിയിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് വരുത്താനാവില്ലെന്നും പ്രോസിക്യൂട്ടർ എം. സലാഹുദീൻ വാദിച്ചു. പ്രതിയുമായി ബന്ധപ്പെട്ട ഏഴു റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവം വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കഴുത്തിന് പിന്നില്‍ കുത്തി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. നാലരപ്പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സമയത്ത് നടന്ന കൊലപാതകത്തിന്റെ അന്വേഷണം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന അതിക്രൂരമായ കൊലപാതകത്തില്‍ പ്രതിയുടെ സഞ്ചാരപാത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് സഹായമായത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തിയാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്. സമാന രീതിയില്‍ തമിഴ്നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയായിരുന്നു രാജേന്ദ്രന്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണു പ്രതി വിനീതയെ കൊലപ്പെടുത്തിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com