"നെന്മാറ ഇരട്ടക്കൊല കേസിൽ വീഴ്ച സംഭവിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി ഗൗരവത്തോടെ എടുത്തില്ല": പൊലീസ് വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന
"നെന്മാറ ഇരട്ടക്കൊല കേസിൽ വീഴ്ച സംഭവിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി ഗൗരവത്തോടെ എടുത്തില്ല": പൊലീസ് വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി
Published on

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് നിയമസഭയിൽ സമ്മതിച്ച് മുഖ്യമന്ത്രി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി പൊലീസ് ഗൗരവത്തോടെ എടുത്തില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ ഒരു തെറ്റിനെയും അംഗീകരിക്കില്ലെന്നും, തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുകയല്ല കർശന നടപടിയെടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.


പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ പൊലീസിന് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് ഗൗരവമായി ചിന്തിക്കേണ്ടതാണെന്ന് പിണറായി വിജയൻ പറഞ്ഞു. അതിന് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ല. കോടതിയാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്നുകരുതി അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുപോകാനുള്ള അധികാരം പൊലീസിനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചാൽ പൊലീസിന് കോടതിയെ അറിയിക്കാൻ മാത്രമെ സാധിക്കൂ. ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ പൊലീസിന് നടപടിയെടുക്കാൻ പൂർണ അധികാരം നൽകാമോ എന്നതാണ് ചിന്തിക്കേണ്ടത്. പൊലീസാകെ വെളിവില്ലാത്തവരായി ചിത്രീകരിക്കേണ്ടെന്നും പ്രതിപക്ഷത്തോട് പിണറായി വിജയൻ പറഞ്ഞു.


പൊലീസിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനമുന്നയിച്ചപ്പോൾ ക്ഷുഭിതനായിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു ഡിവൈഎസ്പി മദ്യപിച്ചത് കൊണ്ട് പൊലീസുകാരെല്ലാം മദ്യപാനികളാണെന്ന് പറയാൻ കഴിയുമോയെന്ന് പിണറായി വിജയൻ ചോദിച്ചു. അധോലോകത്തിന്റെ പേര് പറഞ്ഞ് കേരളത്തിൽ ഭീതി പടർത്താൻ കഴിയുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തിൽ ഗുണ്ടകളുടെ വിളയാട്ടമാണെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. ഗുണ്ടകളുമായി ബന്ധമുള്ള 18 ഉദ്യോഗസ്ഥരുണ്ടെന്നും ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ക്രിമിനലുകളുമായി ബന്ധമുള്ള പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. ഷേഡി ക്യാരക്ടേഴ്‌സ് ആയവരെ പൊലീസ് സംരക്ഷിക്കുന്നു. നെന്മാറയില്‍ ഉണ്ടായത് പൊലീസ് അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, കുഞ്ഞുങ്ങള്‍ വന്ന് പരാതി പറയുമ്പോള്‍ നടപടി എടുക്കേണ്ടേയെന്നും ചോദിച്ചു.

ഷൈന്‍ ടോം ചാക്കോ കേസും വി.ഡി. സതീശന്‍ സഭയില്‍ പരാമര്‍ശിച്ചു. ഇന്നലെ കൊക്കെയ്ന്‍ കേസിലെ പ്രതികളെ മുഴുവന്‍ വെറുതെ വിട്ടതായി പേപ്പറില്‍ കണ്ടിരുന്നു. വേണ്ടവിധം കുറ്റപത്രം കൊടുക്കാത്തത് കൊണ്ടാണ് ഇവരെ വെറുതെ വിട്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com