
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് പിണറായി വിജയന്‍റെ അറിവോടെയാണ്. അതിന് നേതൃത്വം നൽകിയത് എഡിജിപി അജിത് കുമാറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു. 2023 മെയ് 20-22 തീയതിയില്‍ പാറമേക്കാവിൽ ആർഎസ്എസ് ക്യാംപ് നടന്നിരുന്നു. വിദ്യാമന്ദിർ ഹാളിൽ വെച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. എന്ത് കാര്യത്തിനാണ് ഉന്നത ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചത്? ആ ബന്ധമാണ് തൃശൂരിൽ കണ്ടത്. പൂരത്തിൽ പൊലീസ് കമ്മീഷണർ അഴിഞ്ഞാടി എന്നായിരുന്നു സിപിഎം വിശദീകരണം. ആ സമയത്ത് എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ട് ഇടപെട്ടില്ലെന്നും സതീശന്‍ ചോദിച്ചു.
സിസിടിവി പരിശോധിച്ചാൽ എഡിജിപി-ആർഎസ്എസ് ജനറൽ സെക്രട്ടറി കൂടിക്കാഴ്ച വ്യക്തമാകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒഴിവാക്കാനാണ് മുഖ്യമന്ത്രി എഡിജിപിയെ ആർഎസ്എസ് നേതാവിനെ കാണാനായി അയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു കൂടിക്കാഴ്ച. ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടക്കുന്ന മുഖ്യമന്ത്രി എന്തിന് അജിത് കുമാറിനെയും പി. ശശിയെയും ഭയക്കുന്നുവെന്നും സതീശന്‍ ചോദിച്ചു.
പി. ശശിയെയും എഡിജിപിയെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എഡിജിപി, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയെ കണ്ടത്. മുഖ്യമന്ത്രിക്ക് സംഘപരിവാറുമായി അവിഹിത ബാന്ധവമുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പൂരം കലക്കിയത്. തൃശൂരിൽ ബിജെപി ജയിച്ചതോടെ കരുവന്നൂരിൽ അന്വേഷണം നിലച്ചു. മുഖ്യമന്ത്രി മറുപടി പറയണെമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അൻവർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അങ്ങോട്ട് പോയ ആളല്ല ഇങ്ങോട്ട് വന്നത്. എഡിജിപിയെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് അൻവർ പറഞ്ഞത്. ഫോൺ സംഭാഷണം പുറത്തുവന്നിട്ടും സുജിത് ദാസിനെതിരെ നടപടിയില്ല. പി. ശശിക്കും എഡിജിപിക്കും മാലയിട്ട് തിരിച്ചു വന്നുകൂടായിരുന്നോ എന്ന് സതീശൻ പറഞ്ഞു. എംഎല്‍എയുടെ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നും സതീശൻ കൂട്ടിച്ചേർത്തു.