
സിനിമാ മേഖലയെ ശുദ്ധീകരിക്കുമെന്നും നടിമാർക്ക് മുന്നിൽ ഉപാധികളുണ്ടാവരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമ കമ്മിറ്റി രൂപീകരിച്ചത് എല്ലാവർക്കും മാതൃകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ശ്രീകുമാരൻ തമ്പിയുടെ നാമധേയത്തിലുള്ള പുരസ്കാര വിതരണ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് നടൻ മോഹൻലാൽ ഏറ്റുവാങ്ങി.
അഭിനയ കലയിൽ അത്യപൂർവം പേർക്ക് മാത്രം അളന്നു കുറിക്കാൻ ഔന്നിത്യങ്ങളിലേക്ക് എത്താൻ ഇരുവർക്കും സാധിച്ചു. അഭിനയ പ്രതിഭയായ മോഹൻലാലിന് ശ്രീകുമാരൻ തമ്പിയുടെ നാമധേയത്തിലുള്ള പുരസ്കാരം നൽകുന്നത് അർഹതയ്ക്കുള്ള അംഗീകാരമായി തിളങ്ങി നിൽക്കും. ജീവിതമാകെ കലയ്ക്കായി സമർപ്പിച്ചാൽ മാത്രമേ കലയിൽ അത്യുന്നത തലങ്ങളിലേക്ക് ഉയരാൻ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാ രംഗത്തേക്ക് കടക്കുന്ന പുതുതലമുറക്കാർക്ക് ഈ സന്ദേശം പകർന്നു നൽകുന്ന ജീവിതത്തിന് ഉടമകളാണ് ശ്രീകുമാരൻ തമ്പിയും മോഹൻലാലുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചലച്ചിത്രം ഈ കാലഘട്ടത്തിലെ ജനകീയ മാധ്യമമാണ്. ഇത്ര ശക്തമായും വിപുലമായും മറ്റേതെങ്കിലുമൊരു കല ഇന്ന് ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് പറയാനാവില്ല. അതിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. മനസുകളെ മലിനമാക്കുന്ന അംശങ്ങൾ സിനിമയിലായാലും സിനിമാ രംഗത്തായാലും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്. ജനങ്ങൾ നൽകുന്ന വലിയ സ്‌നേഹവും ആരാധനയുമൊക്കെ അവർക്ക് ധാർമിക മൂല്യങ്ങൾ പകർന്നു കൊടുക്കുന്ന തരത്തിൽ തിരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം ആ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ടെന്നാണ് അർത്ഥമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.