മുകേഷിന് സിപിഎം നൽകിയത് 79 ലക്ഷം രൂപ; തെളിവുകൾ പുറത്ത്

10 സ്ഥാനാർത്ഥികൾക്കായി 4 കോടി 12 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയാണ് സിപിഎം നൽകിയിരിക്കുന്നത് എന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളിൽ പറയുന്നു
മുകേഷിന് സിപിഎം നൽകിയത് 79 ലക്ഷം രൂപ; തെളിവുകൾ പുറത്ത്
Published on

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥാനാർത്ഥികൾക്ക് പണം നൽകിയതിൻ്റെ രേഖകൾ പുറത്ത്. ഏറ്റവും കൂടുതൽ തുക നൽകിയത് നടനും എംഎൽഎയുമായ മുകേഷിനാണെന്നാണ് തെളിവുകൾ പ്രകാരം വ്യക്തമാകുന്നത്.

79 ലക്ഷം രൂപയാണ് കേന്ദ്ര കമ്മിറ്റി മുകേഷിന് നൽകിയത്. 10 സ്ഥാനാർത്ഥികൾക്കായി 4 കോടി 12 ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയാണ് സിപിഎം നൽകിയിരിക്കുന്നത് എന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗിക പീഡന പരാതി ഉയർന്നുവന്നതിനെ തുടർന്ന് മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കുറ്റം ആരോപിക്കപ്പെട്ടയാൾ എംഎൽഎ സ്ഥാനം രാജിവെച്ചാൽ, പിന്നീട് നിരപരാധി ആണെന്ന് തെളിഞ്ഞാൽ തിരിച്ചെടുക്കാനുള്ള നിയമവ്യവസ്ഥ ഇല്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ധാർമികതയുടെ പേരിൽ രാജി വെക്കേണ്ടതില്ല. മുകേഷിൻ്റെ രാജിക്കായി വലിയ രീതിയിലുള്ള ക്യാമ്പയിൻ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ടെന്നും വിശദമായ പരിശോധന പാർട്ടി നടത്തിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് 16 എംപിമാരും, 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അതിൽ 54 പേർ ബിജെപിയിൽ നിന്നും, 23 പേർ കോൺഗ്രസിൽ നിന്നുമാണ്. അവരാരും എംഎൽഎ സ്ഥാനമോ, എംപി സ്ഥാനമോ രാജിവെച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ രണ്ട് എംഎൽഎമാര്‍ക്കെതിരെ കേസുണ്ട്. ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, അനിൽകുമാർ, ഹൈബി ഈഡൻ, ശശി തരൂർ എന്നിവർക്കെതിരെ ആരോപണം വന്നപ്പോഴും രാജിവെച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി പ്രതിയായപ്പോൾ മന്ത്രിസ്ഥാനം മാത്രമാണ് രാജിവെച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com