അച്ചടക്ക നടപടിക്ക് അംഗീകാരം; പി.കെ. ശശിക്ക് ഇനി പ്രാഥമിക അംഗത്വം മാത്രം; പാർട്ടി പദവികൾ നഷ്ടമാകും

നേരത്തെ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും വീണ്ടും ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു
അച്ചടക്ക നടപടിക്ക് അംഗീകാരം; പി.കെ. ശശിക്ക് ഇനി പ്രാഥമിക അംഗത്വം മാത്രം;  പാർട്ടി പദവികൾ നഷ്ടമാകും
Published on
Updated on



മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശിക്കെതിരായ സിപിഎമ്മിൻ്റെ അച്ചടക്ക നടപടിക്ക് അംഗീകാരം. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും ശശിക്ക് നഷ്ടപ്പെടും. നേരത്തെ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും വീണ്ടും ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. ശശിക്കെതിരെയുള്ള വിവിധ പരാതികളില്‍ അന്വേഷണ കമ്മീഷൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.


കഴിഞ്ഞ ദിവസമാണ് സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി.കെ.ശശിയെ പാര്‍ട്ടി മാറ്റിയത്. ഇതോടെ ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനമായി. പി.കെ. ശശിക്ക് ഇനി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും.

പി.കെ. ശശി പാര്‍ട്ടിയുടെ 20 ലക്ഷം രൂപ വകമാറ്റിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ കീഴിലുള്ള അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ശശിയെ കൂടാതെ, മുതിര്‍ന്ന നേതാവ് വി.കെ. ചന്ദ്രനെയും സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിനായി പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.  ഓഫീസ് നിര്‍മാണത്തിനു പുറമേ പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളജ് നിയമനത്തിലും അട്ടിമറി നടന്നതായി സമിതി കണ്ടെത്തി. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ശശി നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. പിന്നാലെ പാര്‍ട്ടി നടപടി സ്വീകരിക്കുകയായിരുന്നു. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com