ഗുജറാത്തിലെ ബുൾഡോസർ രാജ്: കളക്ടർക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി

കഴിഞ്ഞ ദിവസമാണ് അനധികൃതമെന്ന് ആരോപിച്ച് സോമനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ മസ്ജിദും തകര്‍ത്തത്
ഗുജറാത്തിലെ ബുൾഡോസർ രാജ്: കളക്ടർക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി
Published on


ഗുജറാത്തിൽ ബുൾഡോസർ ഉപയോഗിച്ച് പള്ളിയും ദർഗയും ഖബറിസ്ഥാനും പൊളിച്ച സംഭവത്തിൽ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. ഗുജറാത്തിലെ സുമ്മാസ്ത് പട്‌നി മുസ്ലീം ജമാഅത്ത് എന്ന മതസംഘടനയാണ് ഹർജി നൽകിയത്. കോടതി വിലക്ക് നിലനിൽക്കെ നിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗിർ സോമനാഥിലെ ജില്ലാ കളക്ടർക്കും മറ്റൊരു ഉദ്യോഗസ്ഥനുമെതിരെ സംഘടന ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ ബെഞ്ച് ഹർജി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് അനധികൃതമെന്നാരോപിച്ച് സോമനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ മസ്ജിദും തകര്‍ത്തത്. 500 വർഷം പഴക്കമുള്ള പള്ളിയും ദർഗയും ഖബറിസ്ഥാനും ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. ഗിർ സോമനാഥ് ജില്ലയിലെ ഒൻപത് പള്ളികളും ആരാധനാലയങ്ങളുമാണ് പൊളിച്ചത്. പുലര്‍ച്ചെ തുടങ്ങിയ നടപടി രാത്രി വരെ നീണ്ടു. 36 ബുൾഡോസറുകൾ, 70 ട്രാക്ടർ ട്രോളികൾ എന്നിവ എത്തിച്ചായിരുന്നു നടപടി.

ALSO READ: ഗുജറാത്തിൽ വീണ്ടും ബുൾഡോസർ രാജ്; 500 വർഷം പഴക്കമുള്ള പള്ളി തകർത്തു

കഴിഞ്ഞ ദിവസം കോടതി ഉത്തരവ് ലംഘിച്ച് ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തെന്ന ഹർജിയിൽ അസം സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതിയുടെ അനുവാദമില്ലാതെ ബുൾഡോസർ രാജ് നടത്തരുതെന്നാണ് കോടതി നിർദേശം. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതായിരുന്നു തീരുമാനം.

ബുൾഡോസർ നീതി, രാജ്യത്തെ നിയമങ്ങൾക്കുമേൽ ബുൾഡോസർ ഓടിക്കുന്നതിന് തുല്യമാണെന്നും നിയമസംവിധാനമുള്ള രാജ്യത്ത് നടക്കുന്ന ഇത്തരം പ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തി ചെയ്ത തെറ്റിന് വീട് തകർത്ത് കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com