ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ്റെയും നൂറ്റാണ്ടെന്നും മോദി അഭിപ്രായപ്പെട്ടു
ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം വിപുലമാക്കാൻ 10 പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയുടെ ഭാവി നയിക്കുന്നതിൽ ഇന്ത്യ-ആസിയാൻ ബന്ധം നിർണായകമാണെന്ന് ലാവോസിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ മോദി പറഞ്ഞു. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് നാഷൻസ് അഥവാ ആസിയാൻ. ബ്രൂണെ ദാറുസ്സലാം, ബർമ്മ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയാണ് അസിയാൻ രാജ്യങ്ങൾ എന്നറിയപ്പെടുന്നത്.
21-ാമത് ആസിയാൻ-ഇന്ത്യാ ഉച്ചകോടിയിൽ ഇന്തോ-പസഫിക് മേഖലയിലെ അസിയാൻ രാജ്യങ്ങളുടെ ഐക്യത്തിനായുള്ള പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ലോകം സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന കാലത്ത് ഇന്ത്യ-ആസിയാൻ ബന്ധം നിർണായകമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ്റെയും നൂറ്റാണ്ടാണെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇരട്ടിയായതായും പ്രധാനമന്ത്രി പറഞ്ഞു.
ആസിയാൻ രാജ്യങ്ങളുമായി ബന്ധം വിപുലമാക്കാൻ 10 പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 2025 ഇന്ത്യ– ആസിയാൻ ടൂറിസം വർഷമായി ആഘോഷിക്കും. യൂത്ത് സമ്മിറ്റ്, സ്റ്റാർട്ട്-അപ്പ് ഫെസ്റ്റിവൽ, ഹാക്കത്തോൺ, ആസിയാൻ–ഇന്ത്യ വനിതാ ശാസ്ത്രജ്ഞരുടെ കോൺക്ലേവ് എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തവും, ഡിജിറ്റൽ രംഗത്തെ ആധുനികവൽകരണവും രാജ്യങ്ങൾ ചർച്ച ചെയ്തു.
ലാവോസിൽ നടക്കുന്ന ആസിയാൻ-ഇന്ത്യ, കിഴക്കനേഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. രാമായണത്തിൻ്റെ ലാവോസ് ആവിഷ്കാരം കാണാനെത്തിയ മോദി കലാകാരന്മാരുമായും സംവദിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി കിഴക്കനേഷ്യൻ രാജ്യങ്ങളുമായും ചർച്ച നടത്തും. പത്ത് ആസിയാൻ രാജ്യങ്ങളും എട്ടു പങ്കാളി രാജ്യങ്ങളുമാണ് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.