
മലയാളികൾക്ക് ഓണാശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സ് പോസ്റ്റിലൂടെയായിരുന്നു മോദിയുടെ ആശംസ. തിരുവോണദിനത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രധാനമന്ത്രിയുടെ സന്ദേശമെത്തി.
"ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു," മോദി എക്സിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓണാശംസയും കഴിഞ്ഞ ദിവസമെത്തിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഓണക്കാലം ദുരിതത്തെ അതിജീവിച്ചവരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമ ഉയർത്തിപ്പിടിക്കാൻ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിൽ പങ്കാളികളായി ഓണാഘോഷങ്ങളെ അർത്ഥവത്താക്കാമെന്നും മുഖ്യമന്ത്രിയുടെ സന്ദേശം പറയുന്നു.