പള്ളിത്തുറയിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിലായിരുന്ന പ്രതി പൂന്തുറയിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് മടങ്ങുന്ന വഴിയാണ് പൊലീസ് പിടിയിലായത്. ഷാഡോ സംഘം കാറിനെ പിന്തുടരുകയായിരുന്നു.വയർലെസ് സെറ്റിലൂടെ വിവരം ലഭിച്ച തുമ്പ പോലീസ് കാർ തടഞ്ഞ് ബെയ്‌ലിനെ പിടികൂടി.
വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച അഡ്വക്കേറ്റ് ബെയിലിൻ ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.തിരുവനന്തപുരത്ത് നിന്ന് തുമ്പ പൊലീസാണ് ബെയിലിനെ സാഹസികമായി പിടികൂടിയത്.കാറില്‍ രക്ഷപെടാൻ ശ്രമിക്കവെ ജീപ്പ് കുറുകെയിട്ടാണ് പിടികൂടിയത്. എല്ലാം കോടതിയിൽ പറയാമെന്ന് ബെയിലിൻ ദാസ് പ്രതികരിച്ചു. പ്രതിയെ പിടികൂടിയതിന് പൊലീസിന് നന്ദിയെന്ന് മർദനമേറ്റ അഭിഭാഷക ശ്യാമിലി ന്യൂസ് മലയാളത്തോട് പറഞ്ഞു.
സഹോദരൻ്റെ കാറിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. പള്ളിത്തുറയിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിലായിരുന്ന പ്രതി പൂന്തുറയിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് മടങ്ങുന്ന വഴിയാണ് പൊലീസ് പിടിയിലായത്. ഷാഡോ സംഘം കാറിനെ പിന്തുടരുകയായിരുന്നു. വയർലെസ് സെറ്റിലൂടെ വിവരം ലഭിച്ച തുമ്പ പോലീസ് കാർ തടഞ്ഞ് ബെയ്‌ലിനെ പിടികൂടി. വഞ്ചിയൂർ സ്റ്റേഷനിലെത്തിയ പ്രതിയെ ഡിസിപി നകുൽ ദേശ്മുഖാണ് ചോദ്യം ചെയ്യുന്നത്.
റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം മെഡിക്കൽ പരിശോധന നടത്തി തുടർന്ന് 11-ാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കില്ലെന്നും നാളെ ഓപ്പൺ കോർട്ടിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതി രാത്രി പൊലീസ് സ്റ്റേഷനിൽ കഴിയും.
തുമ്പയിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്‌ലിൻ പൊലീസിൻ്റെ പിടിയിലാകുന്നത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അഭിഭാഷകയെ മർദിച്ച കേസിൽ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടിയെടുത്തിരുന്നു. കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. കേരള ബാർ കൗൺസിൽ അടിയന്തര യോഗം ചേർന്നാണ് നടപടി. ഇത് വ്യക്തമാക്കി അഭിഭാഷകന് കഴിഞ്ഞ ദിവസം തന്നെ നോട്ടീസ് അയച്ചിരുന്നു.
അച്ചടക്ക നടപടി പൂർത്തിയാകുന്നത് വരെയാണ് വിലക്കേർപ്പെടുത്തിയത്. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ സ്ഥിരം വിലക്കെന്ന് ബാർ കൗൺസിൽ അറിയിച്ചു. രണ്ടംഗ കമ്മറ്റിയുടെ റിപ്പോർട്ട്,ശ്യാമിലിയുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓഫീസിലെ തർക്കത്തെ തുടർന്നാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മർദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയർ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് മർദിച്ചത്. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, തിരുവനന്തപുരം ബാർ അസോസിയേഷന്‍ ബെയിലിനെ സസ്‌പെൻഡ് ചെയ്തു.
കേസിൽ നിയമമന്ത്രി പി. രാജീവ് ഇടപെട്ടു. വളരെ ഗൗരവകരമായ സംഭവമാണ് നമ്മുടെ നാട്ടിൽ നടന്നത്. ഒരു സീനിയർ അഭിഭാഷകൻ തൻ്റെ ജൂനിയറോട് ഇത്തരത്തിൽ പെരുമാറുക എന്നത് കേരളത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു.