സ്വർണ്ണം കൊണ്ടു വരുമ്പോൾ അസിസ്റ്റൻറ് മുതൽപ്പടിയും പൊലീസ് ഗാർഡും തമ്മിൽ അകലം ഉണ്ടാവുകയും ചെയ്തു. ഇത് എന്ത് കൊണ്ട് സംഭവിച്ചു? എക്സിക്യൂട്ടീവ് ഓഫീസറുടെ മുന്നിൽ നിന്ന് തുറക്കേണ്ട പെട്ടി എന്തിന് സ്ട്രോങ് റൂമിന്റെ ഉള്ളിൽ നിന്ന് തുറന്നു?
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കാണാതായ സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. മോഷ്ടിച്ച ശേഷം, വിവാദമായതോടെ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നത് ഉൾപ്പടെ അന്വേഷണ സംഘം പരിശോധിക്കുകയാണ്. സ്ട്രോംഗ് റൂമിൽ നിന്ന് 40 മീറ്റർ അകലെ മണല്‍പ്പരപ്പിൽ പൂണ്ട നിലയിലായിരുന്നു കാണാതായ സ്വർണം.
ആദ്യഘട്ടം മുതൽ ക്ഷേത്ര ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പുറത്തുനിന്നുള്ള ആരും സ്വർണം എടുക്കാൻ ഇടയില്ല എന്നത് ഉറപ്പാക്കിയാണ് അന്വേഷണം പുരോഗമിച്ചത്. ഒടുവിൽ സ്വർണ്ണം കണ്ടെത്തിയപ്പോൾ അത് കളഞ്ഞുപോയതാകാം എന്ന വിശദീകരണവുമായി പൊലീസ് എത്തി. ശ്രീകോവിലിനുമുന്നിലെ വാതിൽ സ്വർണം പൊതിയുന്നതിനായാണ് സ്വർണ ദണ്ഡ് പുറത്തെടുത്തത്.
കാഡ്‌മിയം കലർന്നതിനാൽ കാഴ്‌ചയിൽ പിച്ചളയുടെ നിറമാണ്. അസിസ്റ്റൻറ് മുതൽപടി ലോക്കറിൽ നിന്ന് പെട്ടിയിലുള്ള സ്വർണ്ണം കൊണ്ടുവരികയും എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ച് സ്വർണ്ണപ്പണിക്കാരൻ്റെ സഹായത്താൽ തൂക്കം ഉറപ്പാക്കുകയും ആണ് പതിവ് രീതി.
പടിഞ്ഞാറേ നടയിലെ വാതിലിൻ്റെ പഴയ സ്വർണം മാറ്റി പുതിയ സ്വർണ്ണ തകിട് ചേർക്കുന്ന ജോലി ബുധനാഴ്ചയാണ് അവസാനിച്ചത്. ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ പെട്ടിക്കുള്ളിൽ ഒരു സഞ്ചിയിലാണ് സ്വർണം സൂക്ഷിക്കുന്നത്. വീണ്ടും പണി ആരംഭിക്കാൻ ഇരിക്കെ ശനിയാഴ്ച രാവിലെ കണക്കെടുത്തപ്പോഴാണ് പതിമൂന്നര പവൻ സ്വർണം നഷ്ടമായെന്ന് അറിയുന്നത്.
സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് കണ്ടെത്തിയ ദിവസം ലോക്കറിൽ വച്ച് തന്നെ പെട്ടി തുറന്ന് സഞ്ചിയുമായി അസിസ്റ്റൻ്റ് മുതൽപ്പടി വരികയായിരുന്നു എന്നായിരുന്നു മൊഴി നൽകിയത്. സ്വർണ്ണം കൊണ്ടു വരുമ്പോൾ അസിസ്റ്റൻറ് മുതൽപ്പടിയും പൊലീസ് ഗാർഡും തമ്മിൽ അകലം ഉണ്ടാവുകയും ചെയ്തു. ഇത് എന്ത് കൊണ്ട് സംഭവിച്ചു? എക്സിക്യൂട്ടീവ് ഓഫീസറുടെ മുന്നിൽ നിന്ന് തുറക്കേണ്ട പെട്ടി എന്തിന് സ്ട്രോങ് റൂമിൻ്റെ ഉള്ളിൽ നിന്ന് തുറന്നു? എന്നുള്ള ചോദ്യങ്ങൾക്കെല്ലാം ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്.
മോഷണ മുതൽ ആരെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ക്ഷേത്ര കോംപൗണ്ടിലെ മണല്‍പ്പരപ്പിൽ ഉച്ചവരെ മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഇതിന് ശേഷം വൈകിട്ട് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് യന്ത്രസഹായമില്ലാതെ നടത്തിയ തിരച്ചിലിലാണ് മണലിൽ പൂണ്ട നിലയിൽ സ്വർണ്ണം കണ്ടെത്തുന്നത്. മോഷണമുതല് കണ്ടെത്തിയതിൽ ഉത്തരങ്ങളേക്കാള് ഏറെ ചോദ്യങ്ങളും ദുരൂഹതകളും അവശേഷിപ്പിക്കുകയാണ്. അതിനാൽ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പൊലീസു പറയുന്നത്.
ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം മോഷണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണം കവർന്ന ശേഷം വിവാദമായപ്പോൾ ആരേലും ഉപേക്ഷിച്ചതാവാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. സ്‌ട്രോങ് റൂമിൽ നിന്ന് 40 മീറ്ററകലെ നിന്നാണ് സ്വർണം ലഭിച്ചതെന്നും ഡിസിപി അറിയിച്ചു.
സ്വർണം കാണാതായത് 7 നാണോ 10നാണോ നഷ്ടപ്പെട്ടതെന്ന് ഉറപ്പ് പറയാനായിട്ടില്ല. ഏഴാം തീയതിയാണ് നിർമാണം കഴിഞ്ഞ് സ്വർണം ലോക്കറിൽ വച്ചത്. 10ന് രാവിലെ തിരികെ എടുത്ത് നിർമാണത്തിന് എത്തിച്ചപ്പോഴാണ് നഷ്ടമായ വിവരം അറിയുന്നത്. സ്വർണം കൈകാര്യം ചെയ്തതിൽ എങ്ങനെ വീഴ്ച വന്നു എന്നു പരിശോധിക്കുമെന്നും നകുൽ രാജേന്ദ്ര ദേശ്‌മുഖ് വ്യക്തമാക്കി.