യുവതിയുടെയും സുകാന്തിൻ്റെയും ഞെട്ടിക്കുന്ന ടെലിഗ്രാം സംഭാഷണമാണ് പൊലീസിന് ലഭിച്ചത്
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിർണായക ഡിജിറ്റല്‍ തെളിവുകൾ വീണ്ടെടുത്ത് പൊലീസ്. പ്രതി സുകാന്തിന്റെ ഞെട്ടിപ്പിക്കുന്ന സന്ദേശമാണ് പൊലീസിന് ലഭിച്ചത്. സുകാന്ത് യുവതിയോട് ആത്മഹത്യ തീയതി മുൻകൂട്ടി ചോദിച്ചു. ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കി. ടെല്രഗാമിലാണ് ഇരുവരും ചാറ്റ് ചെയ്തത്.
പ്രതി സുകാന്തിൻ്റെ ഐഫോണിൽ നിന്നാണ് പൊലീസ് ചാറ്റ് കണ്ടെടുത്തത്. ഇത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി ഒൻപതിനാണ് ഈ സംഭാഷണം നടന്നത്. 'എനിക്ക് നിന്നെ വേണ്ടെ'ന്നും 'നീ ഒഴിഞ്ഞ് പോയെങ്കിൽ മാത്രമേ എനിക്കവളെ കല്യാണം കഴിക്കാൻ സാധിക്കൂ' എന്നും സുകാന്ത് ചാറ്റിൽ പറയുന്നുണ്ട്. 'നീ പോയി ചാകണം' എന്നും പ്രതി നിരന്തരം യുവതിയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് യുവതി മറുപടി നൽകിയത്. എന്നാൽ അതിന് മുൻപ് തന്നെ യുവതി മരിച്ചു.
ടെല്രഗാം ചാറ്റാണ് സുകാന്തിന് കുരുക്കായത്. ചാറ്റ് ഡീലീറ്റ് ചെയ്തെങ്കിലും ടെല്രഗാം ആപ്പ് ഇയാൾ റിമൂവ് ചെയ്തിരുന്നില്ല. പിന്നാലെ പൊലീസ് ചാറ്റ് വീണ്ടെടുത്തു. ബന്ധുവിന്റെ പക്കൽ നിന്നാണ് പൊലീസിന് സുകാന്തിൻ്റെ ഫോൺ ലഭിച്ചത്. കൂടുതൽ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലാബിൽ നൽകിയിട്ടുണ്ട്. ഇപ്പോൾ ലഭിച്ച തെളിവുകൾ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. അടുത്ത ദിവസം തന്നെ ഡിജിറ്റൽ തെളിവുകൾ ഹൈക്കോടതിയിലും ഹാജരാക്കും.
ചാറ്റിൻ്റെ പൂർണരൂപം
സുകാന്ത്: എനിക്ക് നിന്നെ വേണ്ട
യുവതി: എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല
സുകാന്ത്: നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റൂ
യുവതി: അതിന് ഞാൻ എന്ത് ചെയ്യണം?
സുകാന്ത്: നീ പോയി ചാകണം
സുകാന്ത് : നീ എന്നു ചാകും?
നിരവധി തവണ ചോദിച്ചപ്പോൾ യുവതിയുടെ മറുപടി: ഓഗസ്റ്റ് 9ന് മരിക്കും
ALSO READ: ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
മാര്‍ച്ച് 24നാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
പിന്നാലെ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതായിരുന്നു പൊലീസ് കണ്ടെടുത്ത രേഖകള്‍. ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവരുടെ ഗര്‍ഭഛിദ്രം നടത്തി. ഇതിനായി തയ്യാറാക്കിയ വ്യാജ വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കുടുംബം നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ശേഷമാണ് വിവാഹത്തിന് താല്‍പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയെ അറിയിക്കുന്നത്. ഇക്കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന അന്വേഷണ സംഘത്തിൻ്റെ നിഗമനങ്ങൾ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.