ഇയാൾ ബിഷ്ണോയ് ഗ്യാങ്ങിലെ ഷൂട്ടർമാരെ കൈകാര്യം ചെയ്തിരുന്നതും, ആക്രമണ സമയത്ത് പുറത്ത് നിന്ന് സന്ദേശം നൽകുകയും ചെയ്തതായി പൊലീസ് അറിയിച്ചു
ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഷൂട്ടർമാരെ കൈകാര്യം ചെയ്തിരുന്നത് ആരാണെന്ന കാര്യത്തിലായിരുന്നു അന്വേഷണസംഘത്തിന് ഉത്തരം കിട്ടേണ്ടിയിരുന്നത്. പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വിരൽ ചൂണ്ടിയത് മുഹമ്മദ് സീഷൻ അക്തർ എന്ന പഞ്ചാബുകാരനിലേക്കാണ്. ഇയാൾ ബിഷ്ണോയ് ഗ്യാങ്ങിലെ ഷൂട്ടർമാരെ കൈകാര്യം ചെയ്തിരുന്നതും, ആക്രമണ സമയത്ത് പുറത്ത് നിന്ന് സന്ദേശം നൽകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അക്തറാണ് ആക്രമണത്തിന് മുൻപായി സിദ്ദിഖിയുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘത്തിന് കൈമാറിയത്.
പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള മുഹമ്മദ് സീഷൻ അക്തർ രണ്ട് വർഷങ്ങൾക്ക് മുൻപാണ് കേസിലകപ്പെട്ട് പട്യാല ജയിലിലെത്തുന്നത്. സംഘടിത കുറ്റകൃത്യം, കൊലപാതകം, കവർച്ച എന്നീ കേസുകളിലായിരുന്നു ലോക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്യാല ജയിലിൽ നിന്നും ഇയാൾ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളെ പരിചയപ്പെട്ടു. പുറത്തിറങ്ങിയതോടെ സിദ്ദിഖി കൊലപാതകവുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് പോവുകയായിരുന്നു.
ജൂൺ 7ന് ജയിൽ മോചിതനായ ശേഷം അക്തർ കേസിലെ മുഖ്യപ്രതിയായ ഗുർമെലിനെ കാണാൻ കൈതാളിലെത്തിയതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. പിന്നീട് അക്രമികൾ മുംബൈയിലേക്ക് പോയി അവിടെ പ്രവർത്തനമാരംഭിച്ചു. ബാബാ സിദ്ദിഖിയുടെ കൊലപാതകം തന്നെയായിരുന്നു ഇവരുടെ പ്രധാനലക്ഷ്യം. വെടിവെപ്പിന് പിന്നിലുള്ള ഷൂട്ടർമാരായ, ഹരിയാനയിൽ നിന്നുള്ള ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് (19), മൂന്നാമനായ യുപി സ്വദേശി ശിവ് കുമാർ ഗൗതം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്
മൂന്ന് തവണ ബാന്ദ്ര ഈസ്റ്റ് എംഎല്‍എ ആയിരുന്ന ബാബ സിദ്ദിഖി കൊല്ലപ്പെട്ടപ്പോള്‍ തന്നെ പിന്നില്‍ ബിഷ്ണോയ് ഗ്യാങ്ങായിരിക്കുമെന്ന സൂചനകള്‍ ഉയർന്നിരുന്നു. ഞായറാഴ്ച ഷിബു ലോന്‍കർ എന്ന ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് വഴി സംഭവത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തതോടെ സംശയം സ്ഥിരീകരിക്കപ്പെട്ടു. ഈ പോസ്റ്റിന് പിന്നില്‍ ഗ്യാങ്ങിലെ ശുഭം രാമേശ്വർ ലോന്‍കറാണെന്നാണ് കരുതുന്നത്.
പോസ്റ്റില്‍ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമായി പറയുന്നത് മുന്‍മന്ത്രിക്ക് ഇന്ത്യയിലെ കുപ്രസിദ്ധനായ തീവ്രവാദി ദാവൂദ് ഇബ്രാഹിം, നടൻ സല്‍മാന്‍ ഖാന്‍ എന്നിവരുമായുള്ള ബന്ധമാണ്. സല്‍മാന്‍റെ വീടിനു മുന്നില്‍ വെടിയുതിർത്തതിന് അറസ്റ്റിലായ പ്രതികളില്‍ ഒരാളായ അനുജ് തപന്‍റെ മരണത്തിന് പിന്നിലും സിദ്ദിഖിയാണെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. അനുജ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമായിരുന്നു.